കെഎസ് ആർടിസി ബസ് മുന്നോട്ടെടുത്തപ്പോൾ ഇടയിലൂടെ ഓവർടേക്കിങ്ങിന് ശ്രമിച്ച് സ്വകാര്യ ബസ്; ബഹളം വെച്ച് ആളുകൾ; രണ്ടു ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി യുവാവ്; കേരള ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന സംഭവം കിഴക്കേകോട്ടയിൽ
കിഴക്കേകോട്ട: രണ്ടു ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കേകോട്ടയിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കേരള ബാങ്കിലെ ജീവനക്കാരൻ ഉല്ലാസാണ് അപകടത്തിൽ അതിദാരുണമായി മരിച്ചത്.
ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉല്ലാസ് ബസുകൾക്കിടയിൽ അകപ്പെട്ട് പോവുകയായിരുന്നു. കോവളം ഭാഗത്ത് നിന്നും വരികയായിരുന്നു കെഎസ്ആർടിസി ബസ്. കിഴക്കോക്കോട്ടയിൽ എത്തി ബസ് യൂടേൺ ഇടാനായി തിരിക്കുന്നന്നതിനിടെയാണ് അപകടം നടന്നത്.
അതേസമയം കെഎസ്ആർടിസി ബസിന്‍റെ മുൻഭാഗത്ത് നിൽക്കുകയായിരുന്നു യുവാവ്. കെഎസ് ആർടിസി ബസ് മുന്നോട്ടെടുക്കുമ്പോൾ തന്നെ ഒരു പ്രൈവറ്റ് ബസ് കെഎസ്ആർടിസി ബസിന് മുന്നിലൂടെ വലത്തേക്ക് തിരിക്കുകയായിരുന്നു.
ഇതോടെ ഉല്ലാസ് രണ്ട് ബസുകൾക്കിടയിൽ പെട്ട് ഞെരുങ്ങി അതിദാരുണമായി മരിക്കുകയായിരുന്നു. കണ്ടുനിന്ന ആളുകൾ ബഹളം വെച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ ഫോർട്ട് പോലീസ് സ്ഥലത്തെത്തി, പോലീസ് വാഹനത്തിൽ ഉല്ലാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.