നിലമ്പൂരില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു; സരോജിനിയെ കാട്ടാന ആക്രമിച്ചത് പോത്തിനെ മേയ്ക്കാന്‍ കാട്ടില്‍ പോയപ്പോള്‍; ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു

നിലമ്പൂരില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

Update: 2025-01-15 07:52 GMT

നിലമ്പൂര്‍: നിലമ്പൂരില്‍ വീണ്ടും കാട്ടാന ആക്രമണം. കരുളായി വനത്തില്‍ ആദിവാസി യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മുത്തേടത്തുണ്ടായ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി(52)യാണ് ബുധനാഴ്ച രാവിലെ മരിച്ചത്.

പോത്തിനെ മേയ്ക്കാന്‍ കാട്ടില്‍ പോയപ്പോള്‍ ആന പുറകില്‍നിന്ന് അടിച്ചുവീഴ്ത്തുകയായിരുന്നു. വനത്തില്‍ ഒരു കിലോമീറ്റര്‍ ഉള്ളില്‍ വെച്ചാണ് ആനയുടെ ആക്രമണം. ബുധനാഴ്ച 11 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സരോജിനിയെ ഉടന്‍ നിലമ്പൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആദിവാസി യുവവ് മണി കൊല്ലപ്പെട്ടതിന് ശേഷം വലിയ പ്രതിഷേധമായിരുന്നു കഴിഞ്ഞയാഴ്ച നിലമ്പൂരിലുണ്ടായത്. 10 ദിവസം മുമ്പ് കരുളായി വനത്തിലെ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ ആദിവാസി യുവാവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ചോല നായ്ക്കര്‍ വിഭാഗത്തില്‍ പെട്ട മണി (35) ആണ് ജനുവരി നാലിന് രാത്രി കൊല്ലപ്പെട്ടത്.

മകളോടൊപ്പം പോകവേ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടികളെ ട്രൈബല്‍ ഹോസ്റ്റലില്‍ ആക്കി തിരിച്ച് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഈ സംഭവത്തില്‍ പി.വി അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം ഡി.എഫ്.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും അത് അന്‍വറിന്റെ അറസ്റ്റിലേക്കടക്കം നയിക്കുകയും ചെയ്തത് മണിയുടെ മരണത്തിന് ശേഷമായിരുന്നു. അതേസമയം വനത്തിന് 25 കിലോമീറ്റര്‍ ഉള്ളിലായി നടന്ന കാട്ടാന ആക്രമണത്തിന്റെ പേരില്‍ ഡി.എഫ്.ഒ ഓഫീസ് ആക്രമിച്ച നടപടിയും ഏറെ വിവാദമായിരുന്നു.

Tags:    

Similar News