അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പന്‍ ചരിഞ്ഞു; മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി പടര്‍ന്നതോടെ അന്ത്യം
അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പന്‍ ചരിഞ്ഞു
തൃശ്ശൂര്‍: അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പന്‍ ചരിഞ്ഞു. മയക്കുവെടി വെച്ച് കോടനാട് എത്തിച്ച കൊമ്പന്റെ മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചിരുന്നു. പരിശോധനയിലും മുറിവിനുളളില്‍ നിന്ന് പുഴുക്കളെ കണ്ടെത്തി. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി പടര്‍ന്നതോടെ ശ്വാസം എടുക്കാനും ബുദ്ധിമുട്ടിയിരുന്നു. ഇതാണ് മരണകാരണായത്. ബുധനാഴ്ച രാവിലെയാണ് ആതിരപ്പള്ളിയില്‍ നിന്നും മയക്കുവെടി വച്ചാണ് കൊമ്പനെ എത്തിച്ചത്.
മയക്കുവെടിവച്ച് പിടികൂടിയ കൊമ്പനെ കോടനാട്ടെ അഭയാരണ്യത്തിലെത്തിച്ച് ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ചികിത്സ നടത്തി വരുകയായിരുന്നു. മസ്തകത്തിലെ വ്രണത്തില്‍ പുഴുവരിക്കുന്ന നിലയില്‍ അതിരപ്പിള്ളിയില്‍ അലഞ്ഞുതിരിഞ്ഞ കൊമ്പനെ ബുധനാഴ്ചയാണ് മയക്കുവെടിവച്ച് പിടികൂടിയത്. കോടനാട്ട് എത്തിച്ച ശേഷം ആന വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ ആരോഗ്യനില വഷളാകുകയായിരുന്നു.