സബ്‌രജിസ്ട്രാർ ഓഫീസർക്ക് 2,000, ക്ലാർക്കിന് 1,000, തനിക്ക് 500…കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം സബ്‌രജിസ്ട്രാർ ഓഫീസിലെ അസിസ്റ്റന്റ് വിജിലൻസിൻ്റെ പിടിയിൽ
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം സബ്‌രജിസ്ട്രാർ ഓഫീസിലെ അസിസ്റ്റന്റ് വിജിലൻസിൻ്റെ പിടിയിൽ. ആലപ്പുഴ മുഹമ്മ സ്വദേശിനിയിൽനിന്ന് 1,750 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ശ്രീജ പിടിയിലായത്. ആധാരം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ജോലിചെയ്യുന്ന ആളാണ് മുഹമ്മ സ്വദേശിനി.
കഴിഞ്ഞമാസം 21ന് ഇവർ 55ലക്ഷംരൂപ വിലവരുന്ന വസ്തുവിന്റെ രജിസ്‌ട്രേഷൻ നടത്താൻ കൊച്ചി ഓഫീസിലെത്തിയിരുന്നു. രജിസ്‌ട്രേഷൻ നടത്തുന്നതിന് തനിക്കും സബ് രജിസ്ട്രാർക്കും ക്ലാർക്കിനും കൈക്കൂലി വേണമെന്ന് ശ്രീജ ആവശ്യപ്പെടുകയായിരുന്നു. 1,750 രൂപ നൽകി.
അടുത്തദിവസം സബ്‌രജിസ്ട്രാർ ഓഫീസർക്ക് 2,000, ക്ലാർക്കിന് 1,000, തനിക്ക് 500 എന്നിങ്ങനെയാണ് വാങ്ങുന്നതെന്ന് അറിയിക്കുകയായിരുന്നു. ഇനി വരുമ്പോൾ അതുനൽകണമെന്നും പറഞ്ഞു. തുടർന്ന് പരാതിക്കാരി ഈ വിവരം എറണാകുളം വിജിലൻസ് മദ്ധ്യമേഖല പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. ഇന്നലെ വൈകിട്ട് പരാതിക്കാരിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.