വലിയ ലാഭം നൽകാമെന്ന് വാഗ്‌ദാനം നൽകി തൃക്കൈപ്പറ്റക്കാരനെ പങ്കാളിയാക്കിയത് സീറ്റ് കവർ ബിസിനസിൽ; ചെറിയ തുകകള്‍ ലാഭവിഹിതമായി നൽകി വിശ്വാസ്യത പിടിച്ചു പറ്റി; പിന്നാലെ പുറത്ത് വന്നത് കാക്കവയലുകാരൻ അഷ്‌കര്‍ അലിയുടെ കൊടും ചതി

Update: 2025-10-06 13:55 GMT

കൽപ്പറ്റ: ബിസിനസ്സിൽ പങ്കാളിയാക്കാമെന്നും ഉയർന്ന ലാഭം വാഗ്ദാനം ചെയ്തും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാക്കവയൽ കളത്തിൽ വീട്ടിൽ അഷ്‌കർ അലി (36) ആണ് അറസ്റ്റിലായത്. കൽപറ്റ പോലീസാണ് പ്രതിയെ പിടികൂടിയത്. 

തൃക്കൈപ്പറ്റ സ്വദേശിയെയാണ് പ്രതി കബളിപ്പിച്ചത്. ഒരു സീറ്റ് കവറിന് 2500 മുതൽ 3000 രൂപ വരെ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് അഷ്കർ അലി പണം തട്ടിയെടുത്തത്. 2023 ജനുവരി മുതൽ 2024 ജനുവരി വരെ വിവിധ അക്കൗണ്ടുകളിലായി 29,20,000 രൂപയാണ് തൃക്കൈപ്പറ്റ സ്വദേശിയിൽ നിന്ന് പല ഘട്ടങ്ങളിലായി പ്രതി കൈപ്പറ്റിയത്.

പണം മുഴുവൻ ലഭിച്ച ശേഷം ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ നൽകാതെയാണ് തട്ടിപ്പ് നടത്തിയത്. തുടക്കത്തിൽ ചെറിയ തോതിലുള്ള ലാഭവിഹിതം നൽകി വിശ്വസിപ്പിച്ച ശേഷം കൂടുതൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് വിവിധ അക്കൗണ്ടുകളിലൂടെ പണം തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. സബ് ഇൻസ്പെക്ടർ ഷാജഹാന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 

Tags:    

Similar News