വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; ഇരകളാക്കിയത് നഴ്സിംഗ് വിദ്യാർത്ഥികളെയും സ്ത്രീകളെയും; പ്രതി അറസ്റ്റിൽ; സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: യു കെ യിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി പോലീസിന്റെ വലയിൽ കുടുങ്ങി. തിരുവല്ല കടപ്ര സ്വദേശി അജിൻ ജോർജാണ് അറസ്റ്റിലായത്. നഴ്സിംഗ് വിദ്യാർത്ഥികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ് നടത്തിയത്.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്ന നഴ്സിംഗ് വിദ്യാർത്ഥികളും സ്ത്രീകളുമാണ് കൂടുതലും അജിൻ ജോർജിന്‍റെ വലയിലാകുന്നത്. പ്രവാസിയായ സാം യോഹന്നാൻ എന്നയാളുടെ പരാതിയിൽ തൃശൂർ ഒല്ലൂരിൽ നിന്നാണ് മാന്നാർ പൊലീസ് അജിനെ അറസ്റ്റ് ചെയ്തത്.
സാമിനും ഭാര്യക്കും യു കെയിൽ ജോലി നൽകാമെന്ന് പറഞ്ഞ് 2 ലക്ഷം രൂപ പ്രതി വാങ്ങിയിരുന്നു. ഒക്ടോബർ നാലിന് മെഡിക്കൽ എടുക്കാൻ എത്തണമെന്നും പറഞ്ഞു. എന്നാൽ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് സംശയം തോന്നി പോലീസിൽ പരാതി നൽകിയത്.
എളമക്കര സ്വദേശിനിയിൽ നിന്നും 42 ലക്ഷം രൂപ തട്ടിയതടക്കം ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കൊല്ലം ജില്ലകളിലായി ഇയാള്‍ക്കെതിരെ കേസുകൾ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.