വിൽപ്പനക്കായി ഒഡീഷയിൽ നിന്നും കഞ്ചാവ് കടത്തി; ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ; പിടിച്ചെടുത്തത് 7.040 കിലോഗ്രാം കഞ്ചാവ്

Update: 2025-01-13 11:09 GMT

അടിമാലി: ഇടുക്കിയിൽ വിൽപ്പനക്കായി ഒഡീഷയിൽ നിന്നും കടത്തിയ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. 7 കിലോഗ്രാമിലധികം കഞ്ചാവാണ് പ്രതികളുടെ പക്കൽ നിന്നും എക്സൈസ് പിടികൂടിയത്. ഒഡീഷ സ്വദേശികളായ നിർമ്മൽ ബിഷോയി(35), നാരായൺ ബിഷോയ് (27) എന്നിവരാണ് 7.040 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.

രാജാക്കാടുള്ള സ്വകാര്യ ഇഷ്ടിക നിർമാണ യൂണിറ്റിലെ തൊഴിലാളികളാണ് ഇരുവരും. കഴിഞ്ഞ ദിവസമാണ് ഇവർ സ്വദേശമായ ഒഡീഷയിൽ നിന്നും ഇടുക്കിയിൽ മടങ്ങിയെത്തിയത്. പ്രദേശത്ത് വിൽക്കാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. മുൻപും പ്രതികൾ കഞ്ചാവ് കടത്തിയതായാണ് അധികൃതർക്ക് ലഭിക്കുന്ന വിവരം.

അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനൂപ് വി.പി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ അഷ്റഫ് കെ.എം, ദിലീപ് എൻ.കെ, പ്രവന്റീവ് ഓഫീസർ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കെ.എം, അബ്ദുൾ ലത്തീഫ് സി.എം, പ്രശാന്ത് വി, യദുവംശരാജ്, ധനീഷ് പുഷ്പചന്ദ്രൻ, സുബിൻ പി വർഗ്ഗീസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News