അന്യസംസ്ഥാനത്ത് നിന്നും 5,000 രൂപയ്ക്ക് കഞ്ചാവ് വാങ്ങും; നാട്ടിലെത്തിച്ച് 40,000 രൂപയ്ക്ക് വിൽക്കും; ആറ് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ നടത്തിയ പരിശോധനയില്‍ ആറ് കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. പുളിങ്കുന്ന് കിഴക്കേ തലയ്ക്കൽ മാർട്ടിൻ (36), പുളിങ്കുന്ന് വാലയത്ത് അറപ്പുറം വീട്ടിൽ റിനോജ് (40) എന്നിവരാണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും രാമങ്കരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ കിടങ്ങറ പാലത്തിന് സമീപം വെച്ചാണ് ഇവർ പിടിയിലായത്. ഓണക്കാലം ലക്ഷ്യമിട്ട് കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
റോഡ് വഴി വൻതോതിൽ മയക്കുമരുന്ന് കൊണ്ടുവരുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോദന. പ്രതികളിൽ റിനോജ്, ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലുള്ള നഴ്സായി ജോലി ചെയ്യുകയാണ്. മാസത്തിൽ ഒന്ന്, രണ്ട് തവണ അവധിക്ക് വരുമ്പോള്‍ കഞ്ചാവ് പൊതി രഹസ്യമായി മാര്‍ട്ടിന് കൈമാറും. മാർട്ടിൻ അത് നാട്ടിൽ വിതരണം ചെയ്യും. ഒഡിഷയിൽ നിന്നും 5,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് നാട്ടിലെത്തിച്ച് 40,000 രൂപയ്ക്ക് വിൽക്കുകയാണ് ഇവരുടെ രീതി.
നർക്കോട്ടിക് സെൽ ഡി വൈ എസ് പി ബി പങ്കജാക്ഷന്റെ നേതൃത്വത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ആമ്പലപ്പുഴ ഡി വൈ എസ് പി കെ എന്‍ രാജേഷ്, രാമൻക്കരി സി ഐ ജയകുമാർ, സി ഐ സെബാസ്റ്റ്യൻ, സിവിൽ പോലീസ് ഓഫിസര്‍മാരായ ജോസഫ്, സുൾഫിക്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.