ആശ്വാസം! കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്; ഒരു ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത് 100 രൂപ; പവന് 800 രൂപ കുറഞ്ഞു; വരും ദിവസങ്ങളില്‍ ട്രംപിന്റെ നയങ്ങള്‍ വിലയെ സ്വാധീനിക്കും
കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് വന്‍ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന്റെ വില 800 രൂപ കുറഞ്ഞ് 63,120 രൂപയായി കുറഞ്ഞു. ഗ്രാമിന് 7890 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണത്തിന്‍െ വില കുറഞ്ഞിട്ടുണ്ട്. ഓരോ ദിവസം കഴിയുന്തോറും സ്വര്‍ണത്തിന്റെ വില കുത്തനെ ഉയരുന്ന സാഹചര്യമായിരുന്നു. ഇതിനാണ് ചെറിയ തോതിലെങ്കിലും ആശ്വാസം വന്നിരിക്കുന്നത്.
അതേസമയം, ഒരു ശതമാനത്തിന്റെ ഇടിവാണ് സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്. എന്നാല്‍, തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ചയും സ്വര്‍ണവില ഉയര്‍ച്ചയിലാണ്. സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 1.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഔണ്‍സിന് 2,882.99 ഡോളറായാണ് വില കുറഞ്ഞത്. ഇന്ന് സ്വര്‍ണവിലയിലുണ്ടായ ഇടിവിന് കാരണം ലാഭമെടുപ്പാണെന്ന് വിലയിരുത്തലുണ്ട്.
യു.എസ് ഉല്‍പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തുന്നത് പരിശോധിക്കാന്‍ ഡോണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയിരുന്നു. അധിക തീരുവ ചുമത്തുന്നത് പരിശോധിക്കാന്‍ ട്രംപ് വിവിധ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് അമേരിക്കയുടെ വരുമാനം ഉയരുന്നതിന് ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏപ്രില്‍ ഒന്നിനകം അധിക തീരുവ ചുമത്തുന്നതില്‍ പരിശോധന പൂര്‍ത്തിയാകുമെന്ന് നിയുക്ത യു.എസ് കോമേഴ്‌സ് സെക്രട്ടറി ഹൗവാര്‍ഡ് ലുറ്റ്‌നിക്ക് പറഞ്ഞു. ഏപ്രില്‍ രണ്ടിന് അധിക തീരുവ ചുമത്തുന്നതില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡോണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു അധിക തീരുവയെന്നത്. ഇതിനുള്ള നീക്കങ്ങള്‍ക്കാണ് ട്രംപ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി തുടക്കം കുറിച്ചിരിക്കുന്നത്.