മഴ കനക്കും; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; നാല് ജില്ലകളിൽ നാളെ റെഡ് അലർട്ട്
കൽപ്പറ്റ: റെഡ് അലർട്ട് നില നിൽക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഡിസംബർ 2) അവധി. പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഡിസംബർ രണ്ടിന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 204.4mmയിൽ കൂടുതൽ) സാധ്യതയാണ് പ്രവചിച്ചത്.
അതേസമയം, ഡിസംബർ രണ്ടിന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 115.6mm മുതൽ 204.4mm വരെ) സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് പത്തനംതിട്ട ജില്ലയിലെ നിലവിലെ മഞ്ഞ അലർട്ട് (ശക്തമായ മഴ) ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ) ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തുകയായിരുന്നു.
റെഡ് അലർട്ട്:
02/12/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
ഓറഞ്ച് അലർട്ട്:
01/12/2024: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
02/12/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
മഞ്ഞ അലർട്ട്:
01/12/2024: ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
02/12/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
03/12/2024: തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
04/12/2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്