വീടിനുള്ളിൽ അനധികൃത ചാരായ നിർമ്മാണവും വിൽപ്പനയും; രഹസ്യ വിവരത്തിൽ പരിശോധനക്കെത്തിയ പോലീസ് പിടിച്ചെടുത്തത് 80 ലിറ്റർ കോടയും വാഷും, 15 ലിറ്റർ ചാരായവും; വീട്ടുടമ അറസ്റ്റിൽ
തിരുവനന്തപുരം: രഹസ്യ വിവരത്തിൽ പരിശോധനക്കെത്തിയ പോലീസ് വീട്ടിൽ നിന്നും പിടികൂടിയത് വിൽപനക്ക് തയ്യാറായ ചാരായവും വാറ്റുപകരണങ്ങളും. സംഭവത്തിൽ വീട്ടുടമയെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വീടിനുള്ളിൽ അനധികൃത ചാരായ നിർമ്മാണവും വിൽപ്പനയും നടത്തി വരികയായായിരുന്നു.
കാട്ടാക്കട കാട്ടക്കോട് കരിയംകോട് ബഥനിപുരം ചെവിയംകോട് വിനിത ഭവനിൽ വിജയനെയാണ് പോലീസ് പ്രത്യേക പരിശോധനയിൽ പിടികൂടിയത്. മുപ്പതും അൻപതും ലിറ്റർ ബാരലുകളിൽ സൂക്ഷിച്ചിരുന്ന 80 ലിറ്റർ കോടയും വാഷും, 15 ലിറ്റർ ചാരായവും പോലീസ് കണ്ടെടുത്തു.
വീടിൻ്റെ ഹാളിൽ ആയിരുന്നു ചാരായ നിർമ്മാണത്തിനുള്ള സജ്ജീകരണങ്ങൾ നടത്തിയിരുന്നത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീട്ടിൽ പരിശോധന നടത്തിയത്. കാട്ടാക്കട എസ് എച്ച് ഒ മൃദുൽ കുമാർ, എസ് ഐ മനോജ്, ഗ്രേഡ് എസ്ഐ ഷഫീർ ലാബ്ബ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.