കെഎസ്ഇബി; പത്താം ക്ലാസ് തോറ്റവര്‍ക്ക് ഇനി നിയമനമില്ല: അടിസ്ഥാന യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്‌കരിക്കും
കെഎസ്ഇബി; പത്താം ക്ലാസ് തോറ്റവര്‍ക്ക് ഇനി നിയമനമില്ല
തിരുവനന്തപുരം: പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്ക് ഇനി കെഎസ്ഇബിയില്‍ നിയമനമില്ല. പത്താം ക്ലാസ് തോറ്റവര്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന തസ്തികകളിലിരിക്കുന്നു എന്ന പരാതി മാറ്റാന്‍ ഒരുങ്ങുകയാണ് പിഎസ്സി. പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്കു മാത്രം പരീക്ഷയെഴുതാവുന്ന തസ്തികകള്‍ കെഎസ്ഇബിയില്‍ ഇനിയുണ്ടാകില്ല. പകരം അടിസ്ഥാന തസ്തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്‌കരിക്കും.
ഇതുള്‍പ്പെടെ കെഎസ്ഇബിയിലെ എല്ലാ തസ്തികകളും പൊളിച്ചെഴുതുന്ന സ്‌പെഷല്‍ റൂളിന് പിഎസ്സി മൂന്നു മാസത്തിനകം അംഗീകാരം നല്‍കുമെന്നാണു പ്രതീക്ഷ. സ്‌പെഷല്‍ റൂളിന് അംഗീകാരം ലഭിച്ച ശേഷം നിയമനം നേടുന്നവര്‍ക്കു മാത്രമായിരിക്കും ഇവ ബാധകം. മാത്രമല്ല കെഎസ്ഇബിയിലെ ഭീമമായ ശമ്പള സ്‌കെയിലിനെ കുറിച്ച് വ്യാപകമായ ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌പെഷല്‍ റൂള്‍ പ്രാബല്യത്തിലായ ശേഷം ജോലിയില്‍ പ്രവേശിക്കുന്നവരുടെ ശമ്പള സ്‌കെയിലും കുറച്ചേക്കും.
ഇനിമുതല്‍ പിഎസ്സി വഴി നിയമനം ലഭിക്കുന്നവര്‍ ഭാവിയില്‍ സ്ഥാനക്കയറ്റം നേടി ചീഫ് എന്‍ജിനീയര്‍ തസ്തിക വരെയെത്തുമ്പോള്‍ അതുവരെയുള്ള എല്ലാ തസ്തികകളുടെയും പേരും ചുമതലകളും മാറും. ജീവനക്കാര്‍ക്ക് സേവനകാലം പരിഗണിച്ച് കുറഞ്ഞത് 3 ഗ്രേഡ് പ്രമോഷന്‍ ഉറപ്പാക്കുമെങ്കിലും യോഗ്യത അനുസരിച്ച് പരമാവധി പ്രമോഷന്‍ ലഭിക്കാവുന്ന ഗ്രേഡും നിശ്ചയിക്കും.
തസ്തികകളുടെ എണ്ണം കുറയുന്നതിനാല്‍ ജീവനക്കാരെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ വ്യത്യസ്ത ചുമതലകള്‍ നല്‍കും. ഉദാഹരണത്തിന്, ഡ്രൈവര്‍ക്ക്് ആ ജോലി ഇല്ലാത്തപ്പോള്‍ ഓഫിസ് അറ്റന്‍ഡന്റ് അല്ലെങ്കില്‍ സമാനമായ മറ്റു ജോലികള്‍ ചെയ്യേണ്ടി വരും. നിലവില്‍ കെഎസ്ഇബിയിലെ മസ്ദൂര്‍ തസ്തികയില്‍ ജീവനക്കാരുടെ എണ്ണം തീരെ കുറവാണ്. 2013 നു ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ മാത്രമാണ് ഈ തസ്തികയിലുള്ളത്. അതിനു മുന്‍പു ജോലിയില്‍ കയറിയവര്‍ സ്ഥാനക്കയറ്റം നേടി ലൈന്‍മാന്‍ ആയി. കെഎസ്ഇബി പുനഃസംഘടനയും സ്‌പെഷല്‍ റൂളിന് പിഎസ്സിയുടെ അംഗീകാരവും വൈകുന്നതിനാലാണിത്.
സ്‌പെഷല്‍ റൂള്‍ പ്രാബല്യത്തിലായ ശേഷം ജോലിയില്‍ പ്രവേശിക്കുന്നവരുടെ ശമ്പള സ്‌കെയില്‍ കുറച്ചേക്കും. ഇതെക്കുറിച്ച് സര്‍ക്കാരുമായും യൂണിയനുകളുമായും ചര്‍ച്ച നടത്തണം. ആകെ ജീവനക്കാരുടെ എണ്ണം പരമാവധി 30321 ആയി ക്രമീകരിക്കണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശിച്ചതിനാല്‍ ഓരോ തസ്തികയിലെയും ജീവനക്കാരുടെ എണ്ണം സംബന്ധിച്ചും തീരുമാനമെടുക്കേണ്ടതുണ്ട്.