70,000 രൂപയുടെ പന്തല് പണിക്കുള്ള സാധനങ്ങള്‍ ഇറക്കുന്നതിന് നോക്കുകൂലിയായി ചോദിച്ചത് 25,000 രൂപ; അമിതകൂലി ചോദിച്ച പത്ത് ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം സസ്‌പെന്‍ഡ് ചെയ്തു

Update: 2024-10-26 04:00 GMT

തിരുവനന്തപുരം: എഴുപതിനായിരം രൂപയുടെ പന്തല് പണിക്കുള്ള സാധനങ്ങള്‍ ഇറക്കുന്നതിന് ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലിയായി ചോദിച്ചത് 25,000 രൂപ. വെള്ളിയാഴ്ച രാവിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സിനിമാ ഷൂട്ടിങ്ങിനുള്ള സാധനങ്ങളെത്തിച്ചപ്പോഴാണ് ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി ചോദിച്ച് ജോലി തടഞ്ഞത്. തുടര്‍ന്ന് പരാതി നല്‍കി. പരതിയെ തുടര്‍ന്ന് മന്ത്രി നേരിട്ട് ഇടപെട്ട് ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം സസ്‌പെന്‍ഡ് ചെയ്തു. അമിതകൂലി ചോദിച്ച സ്റ്റാച്യു മേഖലയിലെ പത്ത് ചുമട്ടുതൊഴിലാളികളെയാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പുറത്താക്കിയത്.

70,000 രൂപയ്ക്കാണ് പന്തല്‍പണിക്കാരന്‍ ഈ ജോലിക്കു കരാറെടുത്തിരുന്നത്. എന്നാല്‍, കരാറുകാരനോട് തൊഴിലാളികള്‍ നോക്കുകൂലിയായി 25,000 രൂപ ചോദിച്ചു. മൂവായിരം ചതുരശ്രയടി പന്തലിനുള്ള ഷീറ്റും ഇരുമ്പുകമ്പികളുമടങ്ങിയതായിരുന്നു സാമഗ്രികള്‍. പതിനായിരം രൂപ വരെ കൊടുക്കാന്‍ കരാറുകാരന്‍ തയ്യാറായെങ്കിലും ചുമട്ടുതൊഴിലാളികള്‍ വഴങ്ങിയില്ല. കൂടാതെ സാധനങ്ങളിറക്കുന്നതു തടസ്സപ്പെടുത്തുകയും ചെയ്തു.

ഇതോടെ കരാറുകാരന്‍ കന്റോണ്‍മെന്റ് പോലീസില്‍ പരാതിപ്പെട്ടു. പിന്നീട് മന്ത്രി വി.ശിവന്‍കുട്ടിയെ നേരിട്ടു വിളിച്ചും പരാതിയറിയിച്ചു. മന്ത്രിയുടെ നിര്‍ദേശപ്രകാരം ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രതിനിധികളും പോലീസും നേരിട്ടു നടത്തിയ പരിശോധനയില്‍ പരാതി ശരിയാണെന്നു ബോധ്യപ്പെട്ടു. തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട പത്ത് തൊഴിലാളികളെ മന്ത്രിയുടെ നിര്‍ദേശപ്രകാരം ചുമട്ടുതൊഴിലാളി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇവര്‍ ജോലിക്കുകയറരുതെന്നാണ് ഉത്തരവ്. പണിസാധനങ്ങള്‍ കരാറുകാരന്റെ ജോലിക്കാര്‍തന്നെ ഇറക്കി.

Tags:    

Similar News