ക്വാറി വേസ്റ്റ് എത്തിക്കുന്നതിനായി എത്തിയ ലോറി സൈഡ് ഭിത്തിയും റോഡും തകര്‍ത്ത് കുളത്തിലേക്ക്; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മലപ്പുറം: ചങ്ങരംകുളം വളയംകുളം മാങ്കുളത്ത് ക്വാറി വേസ്റ്റ് എത്തിച്ച ടിപ്പര്‍ ലോറി റോഡ് ഇടിഞ്ഞ് സമീപത്തുള്ള ആഴമേറിയ കുളത്തിലേക്ക് മറിഞ്ഞ് അപകടം. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അത്ഭുതകരമായി ഡ്രൈവര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ടു.
ക്വാറി വേസ്റ്റ് എത്തിക്കുന്നതിനായി സമീപവീട്ടിലേക്ക് എത്തിയ ലോറി റോഡരികില്‍ നിര്‍ത്തുന്നതിനിടെയാണ് സൈഡ് ഭിത്തിയും റോഡും ഇടിഞ്ഞ് ലോറി നിയന്ത്രണം നഷ്ടപ്പെട്ടു കുളത്തിലേക്ക് മറിഞ്ഞത്. ഏകദേശം 30 അടിയിലധികം ആഴമുള്ള കുളത്തിലാണ് ലോറി മുങ്ങിയത്.
കുളത്തിലേക്ക് വീഴുന്ന ലോറിയില്‍നിന്ന് ഡ്രൈവര്‍ ഡോര്‍ തുറന്ന് സമയം കളയാതെ പുറത്തേക്ക് ചാടിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. പ്രാഥമികമായി നാട്ടുകാര്‍ ചേര്‍ന്ന് വാഹനത്തെ കരയ്ക്ക് കയറ്റാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ക്രെയിന്‍, മണ്ണ് മാറ്റി യന്ത്രം എന്നിവയുടെ സഹായത്തോടെ ലോറി കരയിലേക്ക് നീക്കുകയായിരുന്നു. സംഭവം ഏറെ പേടി പടര്‍ത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു. ഡ്രൈവറുടെ സമയോചിതമായ പ്രതകരണമാണ് ജീവന്‍ രക്ഷിക്കാനായത്.