വട്ടിപ്പലിശ വാങ്ങിയ കോണ്‍ഗ്രസ് നേതാവിന്റെ ഫ്ളക്സ് വച്ച യുവാവിനെതിരെ ആക്രമണം; നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

വട്ടിപ്പലിശ വാങ്ങിയ കോണ്‍ഗ്രസ് നേതാവിന്റെ ഫ്ളക്സ് വച്ച യുവാവിനെതിരെ ആക്രമണം

Update: 2025-10-13 09:02 GMT

കൊച്ചി: പണം പലിശക്ക് നല്‍കുകയും കള്ളപ്പരാതി കൊടുക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ ഫ്ളക്സ് വച്ച് യുവാവ്. ഇതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിനിടെ ഫ്ളക്സ് വച്ച യുവാവിനെ ആക്രമിച്ച കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലങ്ങാട് കരുമാല്ലൂര്‍ വയലക്കാട് വീട്ടില്‍ സമീദിനെ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് കരുമാല്ലൂര്‍ ഈസ്റ്റ് മണ്ഡലം ജനറല്‍ സെക്രട്ടറി വെളിയത്തുനാട് കാരാടിക്കോടത്ത് വീട്ടില്‍ ഉബൈദുല്ലയെയാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

എട്ടുമാസം മുന്‍പ് സമീദിന് 2.8 ലക്ഷം രൂപ ഉബൈദുല്ല ആഴ്ച തിരിച്ചടവ് വ്യവസ്ഥയില്‍ പലിശക്ക് നല്‍കിയിരുന്നു. എട്ടാഴ്ചയിലായി 2.4 ലക്ഷം രൂപ സമീദ് തിരിച്ചടച്ചു. ഇനിയും മൂന്നുലക്ഷം രൂപ കൂടി നല്‍കണമെന്നാവശ്യപ്പെട്ട് സമീദിനെ ഉബൈദുല്ല ഭീഷണിപ്പെടുത്തിയിരുന്നു. അതോടൊപ്പം ഭാര്യയോട് മോശമായി പെരുമാറിയെന്ന തരത്തില്‍ കള്ളപ്പരാതിയും സമീദിനെതിരെ ഉബൈദുല്ല നല്‍കി. പരാതി വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ പോലീസ് സമീദിനെതിരെ അടിയന്തര നടപടിയെടുത്തില്ല.

ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സമീദ് ഫ്ളക്സ് തയ്യാറാക്കി റോഡരികില്‍ സ്ഥാപിച്ചു. അതോടൊപ്പം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ഉബൈദുല്ല സമീദിനോട് ചോദിക്കാനെത്തി. വാക്കുതര്‍ക്കത്തിനൊടുവില്‍ സമീദിനെ ആക്രമിക്കുകയായിരുന്നു. ഓപ്പറേഷന്‍ കുബേരയില്‍ ഉബൈദുല്ലക്കെതിരെ പരാതി കൈപ്പറ്റിയിരുന്ന പോലീസ്, ആക്രമിക്കപ്പെട്ടെന്ന സമീദിന്‍െ്റ പരാതിയിലും കേസെടുത്തു. അറസ്റ്റ് ചെയ്ത ഉബൈദുല്ലയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News