കള്ളപ്പണം ബസിൽ കടത്താൻ ശ്രമം; പോലീസ് പരിശോധനയിൽ കുടുങ്ങി; യുവാവിൽ നിന്ന് പിടിച്ചെടുത്തത് 6.8 ലക്ഷം രൂപ; സംഭവം മഞ്ചേശ്വരം ചെക്പോസ്റ്റിൽ
കാസർകോട്: കള്ളപ്പണവുമായി പിടിക്കപെടാതിരിക്കാൻ യാത്ര ബസിലാക്കിയ പ്രതി ഒടുവിൽ പോലീസ് പരിശോധനയിൽ കുടുങ്ങി. ബസിൽ കടത്താൻ ശ്രമിച്ച കള്ളപ്പണം പോലീസ് പിടിച്ചെടുത്തു.
കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്താണ് സംഭവം നടന്നത്. മഞ്ചേശ്വരം കുമ്പഡാജെ പിലാങ്കട്ട സ്വദേശി പ്രശാന്ത് (27) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 6.8 ലക്ഷം രൂപ മഞ്ചേശ്വരം പോലീസ് ഉൾപ്പെട്ട സംഘം പിടിച്ചെടുത്തു.
കേരള കർണാടക അതിർത്തി പ്രദേശമായ ഇവിടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ലഹരി ഉൽപ്പന്നങ്ങൾ അടക്കം കടത്തുന്നത് തടയാൻ പരിശോധന വീണ്ടും കർശനമാക്കിയിരുന്നു. ഇതിനാലാണ് പ്രതി സ്വകാര്യ വാഹനങ്ങളൊഴിവാക്കി തലപ്പാടിയിൽ നിന്ന് സ്വകാര്യ ബസിൽ കയറിയതെന്ന് കരുതുന്നു.
മഞ്ചേശ്വരം ചെക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തിയ പോലീസ് സംഘം ബസിലെത്തിയ യാത്രക്കാരുടെ ബാഗുകൾ വിശദമായി പരിശോധിച്ചു. ഇതിലാണ് ബാഗിനകത്ത് 500 രൂപയുടെ കെട്ടുകളാക്കി സൂക്ഷിച്ച 6.80 ലക്ഷം രൂപ കണ്ടെടുത്തത്.