രഹസ്യവിവരത്തിൽ പരിശോധന; പാലാരിവട്ടത്ത് എംഡിഎംഎയുമായി നേപ്പാൾ സ്വദേശിയും യുവതിയും പിടിയിൽ
കൊച്ചി: എംഡിഎംഎയുമായി നേപ്പാൾ സ്വദേശിയും അസം സ്വദേശിനിയും പാലാരിവട്ടത്ത് പിടിയിൽ. നെപ്പാളിലെ സാന്താപുർ നാജിൻ ടോലെ സ്വദേശി പൊക്കാറെൽ ടിക്കാറാം (29), അസമിലെ മാരിഗോൻ ഹാർട്ടിമുറിയ സ്വദേശി മുഹ്‌സിന മെഹബൂബ (24) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്നുള്ള പൊലീസ് പരിശോധനയിലാണ് പ്രതികൾ വലയിലായത്. ബംഗളൂരുവിൽ നിന്ന് കൊച്ചിയിൽ വിൽപ്പനയ്ക്കായി എത്തിച്ച 41.56 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.
പാലാരിവട്ടം പാലത്തിന് സമീപത്ത് വെച്ചാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നാർകോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ.എ. അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘം പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.