നടന്‍ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; നടി മീനു മുനീര്‍ അറസ്റ്റില്‍; കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസ് അറസ്റ്റു ചെയ്ത ശേഷം നടിയെ ജാമ്യത്തില്‍ വിട്ടയച്ചു

നടി മീനു മുനീര്‍ അറസ്റ്റില്‍

Update: 2025-07-01 08:55 GMT

കൊച്ചി: നടി മീനു മുനീര്‍ അറസ്റ്റില്‍. നടന്‍ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട കാലയളവില്‍ നടി മീനു മുനീര്‍ ബാലചന്ദ്ര മേനോനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനില്‍ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നുവെന്നായിരുന്നു ആരോപണം.

ബാലചന്ദ്ര മേനോനെതിരെ നടി നല്‍കി ലൈംഗിക അതിക്രമ കേസിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചിരുന്നു. ഇതോടയാണ് നടിക്കെതിരെ നിയമ നടപടി ഉണ്ടായത്. ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു ആലുവയില്‍ താമസിക്കുന്ന നടിയുടെ പരാതി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കെയാണ് നടി ആദ്യം പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.

Tags:    

Similar News