മഞ്ഞുമൂടിയ പ്രദേശത്ത് നിന്ന് ഒരുകൂട്ടം യുവാക്കളുടെ അട്ടഹാസം; ഷർട്ടൂരി കറക്കിയും മദ്യവും ഹുക്കയുമായി മുഴുവൻ ആഘോഷം; മറ്റ് സഞ്ചാരികൾക്ക് ശല്യം ആയപ്പോൾ മുട്ടൻ പണി
ഷിംല: ഹിമാചൽ പ്രദേശിലെ മഞ്ഞുമൂടിയ റോഡിൽ ഷർട്ടഴിച്ചും മദ്യവും ഹുക്കയും ഉപയോഗിച്ച് യുവാക്കൾ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിനോദസഞ്ചാരികളുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
മൈനസ് ഡിഗ്രി തണുപ്പിൽ അഞ്ചോ ആറോ യുവാക്കളാണ് ഉച്ചത്തിൽ പാട്ട് വെച്ച് മഞ്ഞുമൂടിയ റോഡിൽ ആഘോഷിക്കുന്നത്. ഇവരുടെ വാഹനം സമീപത്ത് പാർക്ക് ചെയ്തിട്ടുണ്ട്. കഠിനമായ തണുപ്പിലും കൂട്ടത്തിൽ മൂന്നുപേർ ഷർട്ട് ധരിക്കാതെയാണ് നൃത്തം ചെയ്യുന്നത്. മറ്റുള്ളവർ മദ്യക്കുപ്പികളും ഹുക്കകളും കൈവശം വെച്ചിട്ടുണ്ട്. ചുറ്റും മഞ്ഞുമലനിരകളും വഴിയിലും മഞ്ഞും നിറഞ്ഞിരിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.
നിഖിൽ സൈനി എന്ന എക്സ് (ട്വിറ്റർ) ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് വിനോദസഞ്ചാരികളുടെ പെരുമാറ്റത്തെ ശക്തമായി വിമർശിച്ചത്. "വിദേശ വിനോദസഞ്ചാരികൾ ഇന്ത്യയിലെ പ്രശസ്തമായ സ്ഥലങ്ങൾ ഒഴിവാക്കി ശാന്തമായ ഉൾപ്രദേശങ്ങളിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ വ്യക്തമാണ്. ആളുകളുടെ ഇത്തരം പെരുമാറ്റം നാട്ടുകാരെ പ്രകോപിപ്പിക്കുകയും അവരിൽ നേരത്തെ ഉണ്ടായിരുന്ന സ്നേഹോഷ്മളമായ സമീപനം ഇല്ലാതാക്കുകയും ചെയ്തു. ഇതിന് യാതൊരു ഒഴികഴിവും ന്യായീകരണവുമില്ല," സൈനി കുറിച്ചു.
പൊതുസ്ഥലങ്ങളിൽ ആളുകൾ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നതിനെ ചോദ്യം ചെയ്താണ് മിക്കവരും വീഡിയോയോട് പ്രതികരിച്ചത്. ഇത്തരം നിരുത്തരവാദപരമായ പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കണമെന്നും അതിലോലമായ പരിസ്ഥിതി പ്രദേശങ്ങളിൽ ഇത്തരം പെരുമാറ്റം ന്യായീകരിക്കാനാവില്ലെന്നും നിരവധി പേർ കമന്റ് ചെയ്തു.