തോട്ടഭൂമി തരം മാറ്റുന്നതിനെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി രാജന്‍; അനധികൃത നെല്‍വയല്‍ നികത്തല്‍ തടഞ്ഞു
എല്ലാ ജില്ലയിലും പട്ടയമേളകള്‍ സംഘടിപ്പിക്കും
കൊച്ചി : തോട്ടഭൂമി ഉള്‍പ്പെടെയുള്ള ഭൂമി അനുവദിച്ച കാര്യങ്ങള്‍ക്കല്ലാതെ നിയമവിരുദ്ധമായി തരം മാറ്റുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ. രാജന്‍. രണ്ടു ദിവസമായി എറണാകുളത്ത് നടന്ന കലക്ടര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരം ഭൂമിയുടെ തരം മാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് മിച്ചഭൂമി കേസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
അനധികൃതമായി നടക്കുന്ന നെല്‍വയല്‍ നികത്തല്‍ തടഞ്ഞു നിലം പൂര്‍വ സ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ. രാജന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റവന്യു വകുപ്പിനെ ജനകീയ വത്കരിക്കാനുള്ള വില്ലേജ് തല ജനകീയ സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. ഇതിനായി കൂടുതല്‍ ഡെപ്യൂട്ടി തഹസില്‍ മാര്‍ക്ക് ചുമതല നല്‍കും. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലയിലും പട്ടയമേളകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.