എം.എം മണിയുടെ ഗണ്‍മാന്റെ വീട്ടിലെ സ്റ്റോര്‍ റൂമില്‍ തീ പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

എം.എം മണിയുടെ ഗണ്‍മാന്റെ വീട്ടിലെ സ്റ്റോര്‍ റൂമില്‍ തീ പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

Update: 2024-10-11 03:10 GMT

ഇടുക്കി: എം.എം മണിയുടെ ഗണ്‍മാന്റെ വീട്ടിലെസ്റ്റോര്‍ റൂമില്‍ തീപടര്‍ന്ന് പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇരട്ടയാര്‍ നാലുമുക്കില്‍ വീടിനോട് ചേര്‍ന്ന് സ്‌റ്റോര്‍ റൂമായി ഉപയോഗിച്ചിരുന്ന പഴയ വീടിനാണ് തീ പിടിച്ചത്. റബ്ബര്‍ ഷീറ്റ് ഉണങ്ങുന്നതിനിടെ പുകപ്പുരയില്‍ നിന്നും തീ പടര്‍ന്ന് പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

കര്‍ഷക കുടുംബമായ ഇവരുടെ ഏലം, കാപ്പി, കുരുമുളക് ഉള്‍പ്പെടെയുള്ള മലഞ്ചരക്ക് ഉത്പ്പന്നങ്ങള്‍ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇവയെല്ലാം വന്‍ തോതില്‍ അഗ്‌നിബാധയില്‍ നശിച്ച് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. ഇതില്‍ ഏലയ്ക്ക ഉള്‍പ്പെടെയുള്ള കുറച്ച് സാധനങ്ങള്‍ അഗ്‌നിബാധയ്ക്കിടയിലും മാറ്റാന്‍ ആയതിനാല്‍ വലിയ നഷ്ടം ഒഴിവായി. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.

തീ പടര്‍ന്ന് പിടിക്കുന്നത് കണ്ട് വീട്ടുകാര്‍ കട്ടപ്പന അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളിലായി സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ആര്‍ക്കും ആളപായമില്ല. ഇളയ മകനായ അല്‍ഫോന്‍സും കുടുംബാംഗങ്ങളുമാണ് പിതാവിനൊപ്പം ഇവിടെ താമസിക്കുന്നത്. മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം മണിയുടെ ഗണ്‍മാനായ അല്‍ഫോന്‍സ് സംഭവം നടക്കുമ്പോള്‍ തിരുവനന്തപുരത്തായിരുന്നു.

Tags:    

Similar News