ഗര്‍ഭിണികള്‍ക്കുള്ള വൈറ്റമിന്‍ ഗുളികകളും ഹൃദ്രോഗികള്‍ക്കുള്ള ഹെപ്പാരിന്‍ ഗുളികകളും ഗുണനിലവാരമില്ലാത്തവ; വന്‍കിട കമ്പനികള്‍ നിര്‍മിക്കുന്ന നാല്‍പതിലേറെ മരുന്നുകള്‍ വ്യാജവും നിലവാരമില്ലാത്തതുമെന്ന് റിപ്പോര്‍ട്ട്

നാൽപതിലേറെ മരുന്നുകൾക്ക് നിലവാരമില്ലെന്ന് റിപ്പോർട്ട്

Update: 2024-10-01 01:33 GMT

കോഴിക്കോട്: എന്തുവിശ്വസിച്ചാണ് ഡോക്ടര്‍മാര്‍ കുറിക്കുന്ന ഗുളികകള്‍ നമ്മള്‍ കഴിക്കുക. രോഗ ശാന്തിക്കും ജീവന്‍ നിലനിര്‍ത്താനും കളിക്കുന്ന ഗുളികകള്‍ വരെ വ്യാജമെന്ന് റിപ്പോര്‍ട്ട്. ഗര്‍ഭിണികള്‍ക്കുള്ള വൈറ്റമിന്‍ ഗുളികകളും ഹൃദ്രോഗികള്‍ക്ക് രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഹെപ്പാരിന്‍ ഗുളികകളും ഉള്‍പ്പെടെ ഗുണനിലവാരമില്ലാത്തവയാണ്. വന്‍കിട കമ്പനികള്‍ നിര്‍മിക്കുന്ന നാല്‍പതിലേറെ മരുന്നുകള്‍ വ്യാജവും നിലവാരമില്ലാത്തതുമാണെന്ന് കേന്ദ്ര മരുന്ന് പരിശോധനാ ലാബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മരുന്നില്‍ നിര്‍ദിഷ്ട അളവില്‍ രാസവസ്തുക്കള്‍ ഇല്ലെന്നും വ്യക്തമായിട്ടുണ്ട്.ആന്റിബയോട്ടിക്കുകളായ അമോക്‌സിസിലിന്‍, സെപോഡം, സിപ്രോഫ്‌ലോക്‌സാസിന്‍, അലര്‍ജിക്കുള്ള മൊണ്ടെയര്‍, ഫെക്‌സോഫെനഡൈന്‍, ദഹനത്തിനുള്ള പാന്റോപ്രസോള്‍, പ്രമേഹത്തിനുള്ള മെറ്റ്‌ഫോമിന്‍, ഗ്ലിമെപിറൈഡ്, വലിവിനുള്ള സാല്‍ബുട്ടമോള്‍, അപസ്മാരത്തിനുള്ള ഫെനിട്ടോയിന്‍ തുടങ്ങിയവയാണ് നിലവാരമില്ലാത്തതെന്നും വ്യാജമെന്നും കണ്ടെത്തിയത്. ഇവ കേരളത്തിലും സാധാരണയായി ഡോക്ടര്‍മാര്‍ രോഗികള്‍ക്കു കുറിച്ചു കൊടുക്കുന്നതാണ്.

ഉത്തരേന്ത്യയിലെ വിവിധ ഡ്രഗ് കണ്‍ട്രോളര്‍മാര്‍ ശേഖരിച്ച സാംപിളുകളാണ് സെന്‍ട്രല്‍ ഡ്രഗസ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഓഗസ്റ്റില്‍ പരിശോധിച്ചത്. ഈ കമ്പനികളില്‍ പലതും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും സ്വകാര്യ ഫാര്‍മസികളിലും മരുന്നുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ മരുന്നുകളൊന്നും തങ്ങളുടെ ഫാക്ടറികളില്‍ ഉല്‍പാദിപ്പിച്ചവയല്ലെന്നാണ് കോടതിയില്‍ കമ്പനികളുടെ വാദം.

മറ്റു ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലോണ്‍ ലൈസന്‍സ് (വന്‍കിട കമ്പനികളുടെ പേരില്‍ മരുന്ന് നിര്‍മിക്കാനുള്ള ലൈസന്‍സ്) നല്‍കി ഉല്‍പാദിപ്പിച്ചതാണ് മരുന്നെന്നും നിലവാരമില്ലാത്തതിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നും കമ്പനികള്‍ വിശദീകരിച്ചു.

Tags:    

Similar News