ഏറെക്കാലമായുള്ള ബന്ധം തകർന്നു; വീട്ടിലെത്തി ആൺസുഹൃത്ത് യുവതിയെ തീകൊളുത്തി; ശേഷം ആത്മഹത്യ ചെയ്തു; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കൊല്ലം: കൊല്ലം അഴീക്കലിൽ ആൺസുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. പ്രണയയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമായത്. അഴീക്കൽ സ്വദേശിനി ഷൈജാമോളാണ് മരിച്ചത്. യുവതിയെ തീകൊളുത്തിയ ശേഷം സുഹൃത്തും സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷൈജ മോൾ മരിച്ചത്. 80 ശതമാനത്തിൽ അധികം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.
ഇന്നലെ രാത്രിയാണ് ക്രൂരമായ സംഭവമുണ്ടായത്. ഇരുവരേയും തമ്മിൽ വളരെ നാളത്തെ ബന്ധമുണ്ടായിരുന്നു. ഷൈജ മോളുടെ വീട്ടിൽ വെച്ചാണ് ഷിബു ചാക്കോ കൃത്യം നടത്തിയത്. കോട്ടയം പാലാ സ്വദേശിയാണ് ഷിബു ചാക്കോ. ഷൈജാമോളുടെ അഴീക്കലിലെ വീട്ടിലെത്തിയ ഇയാൾ യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചത്. ശേഷം ഷിബു ചാക്കോ സ്വയം തീകൊളുത്തി. സംഭവത്തിൽ ഷിബു ചാക്കോ ഇന്നലെ രാത്രി തന്നെ മരിച്ചു.
ഷൈജാമോൾ ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചിരുന്നു. ശേഷം ഷിബു ചാക്കോയുമായി ഏറെക്കാലം ഒരുമിച്ച് കഴിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറയുന്നു. എന്നാൽ പിന്നീടുണ്ടായ അകൽച്ച ഇരുവർക്കുമിടയിൽ തർക്കങ്ങൾക്ക് കാരണമായി. ഇതാണ് ഷിബു ചാക്കോയെ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ ഓച്ചിറ പോലീസ് അന്വേഷണം തുടരുകയാണ്.