മദ്യപാനത്തിനിടെ തർക്കം; യുവാവിനെ കമ്പി വടികൊണ്ട് അടിച്ചുകൊന്നു; പിന്നാലെ മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു; ആറ് പേർ പിടിയിൽ; സംഭവം തൃശ്ശൂരിൽ

Update: 2024-12-25 15:58 GMT

തൃശൂര്‍: തൃശൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. തൃശൂര്‍ ചെറുതുരുത്തിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തിൽ ആറുപേര്‍ അറസ്റ്റിലായി. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൈനുൽ ആബിദിന്‍റെ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 6 പ്രതികൾ പിടിയിലായത്. ചെറുതുരുത്തി സ്വദേശികളായ സജീർ, സഹോദരൻ റജീബ്, അഷ്റഫ് , ഷെഹീർ, പുതുശ്ശേരി സ്വദേശികളായ സുബൈർ, മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. ഇവർ നിരവധി കേസുകളിൽ പ്രതിയാണ്.

കമ്പി വടികൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഘം ചേര്‍ന്നാണ് സൈനുൽ ആബിദിനെ മര്‍ദിച്ചത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും പിടിക്കപ്പെട്ടിരുന്നു.

Tags:    

Similar News