'ഇത് ഗൗരവത്തോടെ കാണേണ്ട വിഷയം';'വയനാടിനെ കേന്ദ്രം തഴഞ്ഞത് ശരി ആയില്ല'; 'ഇവിടെത്തെക്കാൾ ചെറിയ ദുരന്തമുണ്ടായ സംസ്ഥാനങ്ങൾക്ക് പോലും കേന്ദ്രം സഹായം നൽകി'; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് കേന്ദ്രസർക്കാർ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരേ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ രംഗത്ത്. അദ്ദേഹത്തിന്റെ വാക്കുകൾ, വയനാട്ടിലേതിനെക്കാൾ ചെറിയ ദുരന്തം നടന്ന സംസ്ഥാനങ്ങൾക്ക് പോലും കേന്ദ്രം സഹായം നൽകിയെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ പുനരധിവാസത്തിന് ദേശീയ-അന്തർദേശീയ സഹായങ്ങൾ ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ നേരത്തേ പ്രളയദുരന്ത പശ്ചാത്തലത്തിൽ പല രാജ്യങ്ങളും ദുരിതാശ്വാസ ഫണ്ട് സഹായമായി നൽകാമെന്ന് വാഗ്ദാനം ചെയ്തപ്പോൾ നിഷേധാത്മക നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് ഗോവിന്ദൻ ആരോപിച്ചു. കേരളത്തിന്റെ പൊതുതാൽപര്യത്തോടൊപ്പം കേന്ദ്രസർക്കാർ നിൽക്കുന്നില്ല എന്നതുമാത്രമല്ല, നേരെ വിപരീതമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെനും. കേന്ദ്രനിലപാടുകൾക്കെതിരായ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. പ്രളയകാലത്ത് സാലറി ചലഞ്ചിനെ പോലും എതിർത്ത യുഡിഎഫ്, ഇക്കാര്യത്തിലും കേരളത്തിന്റെ പൊതുതാൽപര്യത്തൊടൊപ്പമല്ലെന്നും ഇടതുപക്ഷത്തെ തകർക്കാൻ ബിജെപിയും യുഡിഫും ഒന്നിച്ചുനിൽക്കുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.