സഹകരണ ബാങ്കിലെ സ്ഥിരനിക്ഷേപം പിന്‍വലിക്കാന്‍ കഴിയുന്നില്ല; ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് പരാതി; ഒരു മാസത്തിനകം പണം നല്‍കണമെന്ന് ലോകായുക്ത
എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു
തിരുവനന്തപുരം: സഹകരണ ബാങ്കിലെ 18 സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ അനുവദിക്കുന്നില്ലെന്ന് എണ്‍പത് വയസുകാരി നല്‍കിയ പരാതിയില്‍ ലോകായുക്തയുടെ ഉത്തരവ്. ഒരു മാസത്തിനകം പണം കൊടുക്കണമെന്ന് ബാങ്ക് പ്രസിഡന്റിനോടും സെക്രട്ടറിയോടും ലോകായുക്ത നിര്‍ദേശിച്ചു. ഊരൂട്ടമ്പലം സഹകരണ ബാങ്കിനെതിരെയാണ് റസ്സല്‍പുരം സ്വദേശിയായ എണ്‍പത് വയസുകാരി പത്മാവതി അമ്മ പരാതി നല്‍കിയത്.
ഊരൂട്ടമ്പലം സഹകരണ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ഫണ്ട് ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചാണ് പത്മാവതി അമ്മ ലോകായുക്തയ്ക്ക് പരാതി നല്‍കിയത്. ഈ കേസിലാണ് പരാതിക്കാരിയുടെ 18 സ്ഥിര നിക്ഷേപങ്ങള്‍ ഒരു മാസത്തിനകം തിരികെ കൊടുക്കാന്‍ ഉത്തരവായത്. ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍ ആണ് പരാതി പരിഗണിച്ചത്. കേസ് ഫയലില്‍ സ്വീകരിച്ച് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ പത്തിന് ലോകായുക്ത മുമ്പാകെ ഹാജരാകണമെന്നാണ് നിര്‍ദേശം.