മുഖ്യമന്ത്രി ആദ്യം മുതല്‍ എഡിജിപിയെ സംരക്ഷിച്ചു, ഇപ്പോഴും സംരക്ഷിക്കുന്നു; എഡിജിപിയെ മാറ്റിയത് സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ കണ്ണില്‍ പൊടിയിടല്‍ വിദ്യയെന്ന് ചെന്നിത്തല
മറ്റ് വഴിയില്ലാത്തതിനാല്‍ ട്രാന്‍സ്ഫര്‍ എന്ന ചെറിയ നടപടി സ്വീകരിച്ചു
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാനപാലന ചുമതലയില്‍ നിന്നു മാറ്റിയത് വെറും കണ്ണില്‍ പൊടിയിടല്‍ പരിപാടിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. മുന്നണിക്കകത്തു നിന്നും പ്രതിപക്ഷത്തു നിന്നും ജനങ്ങളില്‍ നിന്നും കനത്ത സമ്മര്‍ദ്ദം വന്നപ്പോള്‍ വേറെ വഴിയില്ലാതെ സ്വന്തം തടി രക്ഷിക്കാനാണ് മുഖ്യമന്ത്രി ഈ നടപടിയെടുത്തത്.
'ഇത് വെറും ട്രാന്‍സ്ഫര്‍ മാത്രമാണ്. മുഖ്യമന്ത്രി അവസാനം വരെ അദ്ദേഹത്തെ സംരക്ഷിച്ചിരുന്നു. മുഖ്യമന്ത്രി ഇപ്പോഴും അദ്ദേഹത്തെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് അജിത് കുമാര്‍ ഇവിടെ എല്ലാ ഇടപാടുകളും നടത്തിയിരിക്കുന്നത്. ആര്‍എസ്എസുമായി കൂടിക്കാഴ്ച നടത്തിയതില്‍ ചട്ടലംഘനമുണ്ടെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യാനാകും. ഒരു വ്യക്തിയെ മറ്റൊരു വ്യക്തി കാണുന്നതില്‍ തെറ്റില്ല. നാളെ നിയമസഭ കൂടുകയല്ലേ. അവര്‍ക്കൊരു രാഷ്ട്രീയ തീരുമാനം എടുക്കണം. അതിന് വേണ്ടി ഒരു ട്രാന്‍സ്ഫര്‍ ഉണ്ടായിരിക്കുന്നു. അത്രമാത്രം. അദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതിനെ കുറിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല.
അദ്ദേഹം ബറ്റാലിയന്‍ ചുമതലയില്‍ തുടരും എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. ഇപ്പോള്‍ നല്‍കിയിരിക്കുന്നത് വെറുമൊരു ട്രാന്‍സ്ഫര്‍ മാത്രമാണ്. അല്ലാതെ ഇതിനെ നടപടി എന്നു പോലും വിളിക്കാനാവില്ല. എഡിജിപി ആര്‍എസ് എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്കു വേണ്ടിയാണ്. മുഖ്യമന്ത്രി അറിയാതെ ആഭ്യന്തര വകുപ്പില്‍ ഒന്നും നടക്കില്ല. ഞാന്‍ ആഭ്യന്തര മന്ത്രി ആയിരുന്ന ആളാണ്.
അജിത് കുമാര്‍ ചെയ്ത എല്ലാ പരിപാടികളും മുഖ്യമന്ത്രിയുടെ അറിവോടു കൂടിയും മുഖ്യമന്ത്രിക്കു വേണ്ടിയുമാണ്. ഇപ്പോള്‍ ഒരു ട്രാന്‍സ്ഫര്‍ നല്‍കി മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു. ഇതൊന്നും കൊണ്ട് പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. നിലവിലെ അന്വേഷണമല്ല വേണ്ടത്. സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ നടപടിയില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ ആവശ്യം നിറവേറ്റപ്പെട്ടിരിക്കുന്നു എന്നാണ് ബിനോയ് വിശ്വത്തിന്റെ ആദ്യ പ്രതികരണം. ആര്‍എസ്എസ് നേതാക്കളെ കണ്ട കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പറഞ്ഞതാണ് അദ്ദേഹത്തെ മാറ്റണമെന്ന്. ഉചിതമായ നടപടിയെന്ന് പറഞ്ഞ ബിനോയ് വിശ്വം നടപടി വൈകിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു.