പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പയിനിന് ഡിസംബര്‍ 30 ന് തിരുവനന്തപുരത്ത് തുടക്കമാകും

Update: 2024-12-08 11:12 GMT

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡിന്റെ അംഗത്വ ക്യാമ്പയിനിന് 30ന് തിരുവനന്തപുരത്ത് തുടക്കമാകും (വേദി: റെയില്‍ കല്യാണമണ്ഡപം, തമ്പാനൂര്‍). ഇതിനു ശേഷം മറ്റു ജില്ലകളിലും അംഗത്വ ക്യാമ്പയിന്‍ സംഘടിപ്പിക്കാനാണ് തീരുമാനം. പുതുതായി അംഗത്വം എടുക്കാനും, അംഗങ്ങള്‍ക്ക് അംശദായ കുടിശ്ശിക അടയ്ക്കാനും, അംഗത്വം റദ്ദായവര്‍ക്ക് പിഴയും കുടിശ്ശികയും അടച്ച് അംഗത്വം പുതുക്കുവാനും കഴിയും. നിലവില്‍ ബോര്‍ഡിന്റെ www.pravasikerala.org വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ചും സേവനങ്ങള്‍ ലഭ്യമാകും. പുതിയ അംഗത്വത്തിന് അപേക്ഷനല്‍കുന്നവര്‍ വെബ്ബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്തതിന്റെ രസീതിന്റെ പകര്‍പ്പുമായി എത്തിയാല്‍ വേദിയില്‍ തന്നെ പരിശോധിച്ച് അനുമതി നല്‍കാനാകും. നേരിട്ട് ഹാജരാകുന്നവര്‍ അംഗത്വകാര്‍ഡും മറ്റ് അവശ്യരേഖകളും കരുതണമെന്ന് ബോര്‍ഡ് സി.ഇ.ഒ ഗീതാലക്ഷ്മി എം.ബി അറിയിച്ചു.

അംഗത്വ ക്യാമ്പയിനിന്റെ മുന്നോടിയായി നേരത്തേ ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുള്‍ ഖാദറിന്റെ അധ്യക്ഷതയില്‍ സംഘാടകസമിതി യോഗം ചേര്‍ന്നിരുന്നു. പ്രവാസി കമ്മിഷന്‍ അംഗം ഗഫൂര്‍ പി ലില്ലിസ്, ശ്രീകൃഷ്ണപിള്ള (പ്രവാസി സംഘം), സലിം പള്ളിവിള, റഷീദ് മഞ്ഞപ്പാറ( പ്രവാസി കോണ്‍ഗ്രസ്), ഷുഹൈബ് അബ്ദുള്ള കോയ, ഷിഹാബുദീന്‍ (പ്രവാസി ലീഗ്), അന്‍സാദ് അബ്ബാസ്, പി.സി.വിനോദ് (പ്രവാസി ഫെഡറേഷന്‍) 15 ഓളം വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Similar News