'ഓര്‍മ്മച്ചെപ്പ്' നിറച്ച് സെന്റ് ഡൊമിനിക്‌സിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം; അദ്ധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ച് ആദ്യകാല വിദ്യാര്‍ത്ഥികള്‍
'ഓര്‍മ്മച്ചെപ്പ്' നിറച്ച് സെന്റ് ഡൊമിനിക്‌സിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് കോളജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 'ഓര്‍മ്മച്ചെപ്പ്' നൂറുകണക്കിന്നു പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പുനസമാഗമത്തിനു വേദിയായിത്തീര്‍ന്നു. രാവിലെ കോളജ് മാനേജര്‍ ഫാ വര്‍ഗീസ് പരിന്തിരിക്കല്‍ അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കോളജിന്റെ രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. കോളജിന്റെ വജ്രജൂബിലിയോടനുബന്ധിച്ചാണ് പൂര്‍വ്വവിദ്യാര്‍ത്ഥി മഹാസംഗമം സംഘടിപ്പിച്ചത്.
മികവിനൊപ്പം മൂല്യങ്ങളും സ്വന്തമാക്കി വളരാനാണ് സെന്റ് ഡൊമിനിക്‌സ് കോളജ് അവസരമൊരുക്കുന്നതെന്നും ലോകമെമ്പാടുമുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് കോളജിന്റെ സ്വത്ത് എന്നും അദ്ദേഹം പറഞ്ഞു.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ സെക്രട്ടറി കൂടിയായ അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും മാധ്യമപ്രവര്‍ത്തകയുമായ മാതു സജി നിര്‍വ്വഹിച്ചു. സാഹിത്യകാരിയും പുര്‍വ്വവിദ്യാര്‍ത്ഥിനിയുമായ റോസ് മേരി ഓര്‍മ്മകള്‍ പങ്കുവച്ചു.
പ്രിന്‍സിപ്പല്‍ ഡോ സീമോന്‍ തോമസ്, സംഘാടകസമിതി പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കല്‍, വിരമിച്ച ജീവനക്കാരുടെ പ്രതിനിധി പ്രൊഫ സി ഏ തോമസ്, വജ്രജൂബിലി കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ ബിനോ പി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ പങ്കെടുത്ത അദ്ധ്യാപകരെ ആദ്യകാല വിദ്യാര്‍ത്ഥികള്‍ പൊന്നാടയണിയിച്ച് ആദരിച്ചു. പൊതുസമ്മേളനത്തിനു ശേഷം നടന്ന ഗാനമേളക്കും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ക്കും ഷൈന്‍ മടുക്കക്കുഴി നേതൃത്വം നല്കി.
വിവിധ ബാച്ചുകളില്‍ നിന്നായി നൂറു കണക്കിനു പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ബര്‍സാര്‍ ഫാ മനോജ് പാലക്കുടി, ഇ ജെ ജോണി, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ പ്രൊഫ പ്രതീഷ് ഏബ്രഹാം, പി ആര്‍ ഓ ജോജി വാളിപ്ലാക്കല്‍, ഐ ടി കോഡിനേറ്റര്‍ ജയിംസ് പുളിക്കല്‍, സെക്രട്ടറി റോബര്‍ട്ട് വി മൈക്കിള്‍ എന്നിവര്‍ നേതൃത്വം നല്കി.