ക്ലാസില്‍ സംസാരിച്ചവരുടെ പേര് ക്ലാസ് ലീഡര്‍ ബോര്‍ഡിലെഴുതി; നെയ്യാറ്റിന്‍കരയില്‍ എട്ടാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് സഹപാഠിയുടെ പിതാവ്

എട്ടാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് സഹപാഠിയുടെ പിതാവ്

Update: 2025-02-10 12:53 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കാഞ്ഞിരംകുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് സഹപാഠിയുടെ അച്ഛന്റെ ക്രൂരമര്‍ദനം. പികെ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. ക്ലാസ് ലീഡറായ വിദ്യാര്‍ത്ഥി ക്ലാസില്‍ ബഹളം വെച്ച വിദ്യാര്‍ത്ഥിയുടെ പേര് ബോര്‍ഡില്‍ എഴുതിയ വിരോധത്തിലാണ് മര്‍ദനം.

കഴിഞ്ഞ വ്യാഴാഴ്ച ക്ലാസില്‍ സംസാരിച്ച കുട്ടികളുടെ പേര് ലീഡര്‍ എഴുതിയെടുത്തിരുന്നു. തുടര്‍ന്ന് വൈകുന്നേരം ക്ലാസ് വിട്ടപ്പോള്‍ കാഞ്ഞിരംകുളം ജങ്ഷനില്‍വെച്ച് വിദ്യാര്‍ഥിയുടെ പിതാവ് എത്തി ക്ലാസ് ലീഡറെ മര്‍ദിക്കുകയായിരുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ് ഇയാള്‍.

മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാഞ്ഞിരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥി കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വിദ്യാര്‍ഥിയുടെ ശ്വാസകോശത്തില്‍ നീര്‍വീക്കമുണ്ടായെന്ന് മാതാപിതാക്കള്‍ പറയുന്നു.

മര്‍ദനമേറ്റ ലിജിന്‍ എട്ടാം ക്ലാസിലെ ക്ലാസ് ലീഡര്‍ കൂടിയാണ്. മര്‍ദിച്ച വ്യക്തിയുടെ കുട്ടിയുടെ പേരും ലിജിന്‍ ബോര്‍ഡിലെഴുതിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് കാഞ്ഞിരംകുളം ജംഗ്ഷനില്‍ വെച്ച് കെഎസ് ഇബി ഉദ്യോഗസ്ഥന്‍ കൂടിയായ വ്യക്തി ലിജിനെ മര്‍ദിച്ചത്. കുട്ടിയുടെ കവിളത്തും തുടയിലും ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കവിളത്തടിക്കുകയും വാരിയെല്ലിന് കുത്തുകയും കാലു കൊണ്ട് മര്‍ദിക്കുകയും ചെയ്തിട്ടുണ്ട്. നെയ്യാറ്റിന്‍കര ആശുപത്രിയിലും പിന്നീട് കാരക്കോണം മെഡിക്കല്‍ കോളേജിലും ലിജിന്‍ ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെയാണ് കുട്ടി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Tags:    

Similar News