സ്റ്റോറേജ് സ്‌പേസ് തീര്‍ന്നതിനാല്‍ ഇ മെയില്‍ അക്കൗണ്ട് റദ്ദാക്കുമെന്ന് മുന്നറിയിപ്പ്; ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടും: പുതിയ തരം തട്ടിപ്പുമായി സൈബര്‍ കുറ്റവാളികള്‍
ഇ മെയിൽ അക്കൗണ്ട് റദ്ദാക്കുമെന്ന് മുന്നറിയിപ്പ്; പിന്നാലെ തട്ടിപ്പ്
തിരുവനന്തപുരം: ലോണ്‍ ആപ്പും ഡിജിറ്റല്‍ അറസ്റ്റും കഴിഞ്ഞ് പുതിയ തരം തട്ടിപ്പുമായി സൈബര്‍ കുറ്റവാളികള്‍. ഇ മെയിലില്‍ സ്റ്റോറേജ് സ്‌പേസ് തീര്‍ന്നതിനാല്‍ അക്കൗണ്ട് റദ്ദാക്കുമെന്നു മുന്നറിയിപ്പു നല്‍കിയാണ് പുതിയ തരം തട്ടിപ്പുമായി ഇവര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ജി മെയില്‍ അക്കൗണ്ട് ഉപയോക്താക്കളെ കേന്ദ്രീകരിച്ചാണു തട്ടിപ്പ്. സമൂഹമാധ്യമങ്ങളില്‍ പുതിയതരം തട്ടിപ്പ് ആരംഭിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
അക്കൗണ്ട് പുനഃസ്ഥാപിക്കാനായി ഇ മെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നാണു സന്ദേശത്തിന്റെ ഉള്ളടക്കം. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ തട്ടിപ്പുകാരുടെ വെബ്‌സൈറ്റിലേക്ക് എത്തുകയും അതുവഴി കംപ്യൂട്ടറിലേക്ക് വൈറസുകളും മാല്‍വെയറുകളും കയറാനോ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതോടെ പണം നഷ്ടപ്പെടാനോ സാധ്യതയുണ്ട്.
ഗൂഗിളിന്റേതെന്ന മട്ടില്‍ വരുന്ന സന്ദേശമായതിനാല്‍ പലരും വിശ്വസിക്കാനും ലിങ്കില്‍ ക്ലിക്ക് ചെയ്യാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ഇ മെയില്‍ ലഭിച്ചാലുടന്‍ ഗൂഗിള്‍ അക്കൗണ്ട് സെറ്റിങ്‌സില്‍ സ്റ്റോറേജ് വിവരങ്ങള്‍ പരിശോധിക്കണം. ഇമെയില്‍ വഴി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്നും പൊലീസ് മുന്നറിയിപ്പു നല്‍കുന്നു.