പാതിവില സ്‌കൂട്ടര്‍ തട്ടിപ്പ്: ആനന്ദകുമാറിനെ ഈ മാസം 26വരെ റിമാന്‍ഡ് ചെയ്തു; രണ്ടാഴ്ച മൂവാറ്റുപുഴ സബ്ജയിലില്‍
പാതിവില സ്‌കൂട്ടര്‍ തട്ടിപ്പ്: ആനന്ദകുമാറിനെ ഈ മാസം 26വരെ റിമാന്‍ഡ് ചെയ്തു
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാറിനെ റിമാന്‍ഡ് ചെയ്തു. 26 വരെയാണ് റിമാന്റ്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ആനന്ദകുമാറിന്റെ കേസ് പരിഗണിച്ചത്. ആനന്ദകുമാര്‍ ഇടക്കാല ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ആനന്ദകുമാര്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആനന്ദകുമാറിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കിയില്ല. മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് ആനന്ദകുമാറിനെ അയച്ചിരിക്കുന്നത്. 26-ന് രാവിലെ 11 മണിക്കകം ആനന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കണമെന്നാണ് റിമാന്റ് ഉത്തരവില്‍ കോടതി നിര്‍ദേശം. നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആനന്ദകുമാറിന്റെ തുടര്‍ ചികിത്സയുടെ കാര്യങ്ങള്‍ മൂവാറ്റുപുഴ സബ്ജയില്‍ സൂപ്രണ്ടിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് ആനന്ദകുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.