റേഷന്‍ വ്യാപാരി ക്ഷേമനിധി; നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാസം ഒരു രൂപ സെസ് വന്നേക്കും

നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാസം ഒരു രൂപ സെസ് വന്നേക്കും

Update: 2025-03-16 01:42 GMT

തിരുവനന്തപുരം: മുന്‍ഗണനേതര വിഭാഗത്തിലുള്ള നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകളില്‍നിന്നു മാസം ഒരു രൂപ വീതം സെസ് പിരിക്കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് ആലോചിക്കുന്നു. റേഷന്‍ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താന്‍ ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കാകും പിരിവ്. മന്ത്രിസഭ അംഗീകരിച്ചാല്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സെസ് ഏര്‍പ്പെടുത്തും.

ഒരു വര്‍ഷം കൊണ്ട് നാലു കോടിയിലേറെ രൂപ ഈയിനത്തില്‍ ലഭിക്കുമെന്നാണു കണക്കുകൂട്ടല്‍. ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ സെസ് പിരിച്ച് വരുമാനം വര്‍ധിപ്പിക്കുമെന്നു സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയില്‍ വ്യക്തമാക്കിയിരുന്നു.

വ്യാപാരികളുടെ വേതനപരിഷ്‌കരണവുമായി ബന്ധപ്പെട്ട് മൂന്നംഗ ഉദ്യോഗസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ അരി വില കൂട്ടുന്നതിനെക്കാള്‍ സെസ് പിരിക്കുന്നതാണ് നല്ലതെന്നു വിലയിരുത്തി. വരുമാനം കുറവായ കടകള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെ ശുപാര്‍ശകള്‍ തല്‍ക്കാലം നടപ്പാക്കേണ്ടതില്ലെന്നാണു ധാരണ.

Tags:    

Similar News