ഒരുമിച്ച് മദ്യപാനം ഒടുവില്‍ ഷെയറിനെ ചൊല്ലി സുഹൃത്തുക്കളുടെ തര്‍ക്കം; മര്‍ദനമേറ്റ് രണ്ടു തവണ റോഡില്‍ തലയടിച്ചു വീണയാളുടെ നില അതീവഗുരുതരം; പ്രതി അറസ്റ്റില്‍
സുഹൃത്തിനെ തള്ളിത്താഴെയിട്ട് പരുക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
തിരുവല്ല: ഒരുമിച്ചിരുന്ന് മദ്യപിച്ചതിന് ചെലവായ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ തള്ളിത്താഴെയിട്ട തലയ്ക്ക് പരുക്കേറ്റ കേസിലെ പ്രതി അറസ്റ്റില്‍. കാവുംഭാഗം അക്ഷയ വീട്ടില്‍ നിന്നും നെടുമ്പ്രം പൊടിയാടി ഉണ്ടപ്ലാവ് തൈപ്പറമ്പില്‍ ഉണ്ണിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജി. സുരേഷ് (53) ആണ് അറസ്റ്റിലായത്.
കാവുംഭാഗം കിഴക്കുമുറി ഉള്ളാട്ടുചിറ അനിയാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. 15 ന് വൈകിട്ട് 6.15ന് കിഴക്കും മുറിയിലാണ് സംഭവം. സുരേഷും അനിയും സുഹൃത്തുക്കളാണ്. മദ്യപാനത്തിന് ചെലവാക്കിയ പണത്തെ ചൊല്ലി ഇരുവരും സംസാരിച്ച് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
കിഴക്കും മുറി ജങ്ഷനിലെ വെയിറ്റിംഗ് ഷെഡിന് സമീപം വച്ച് തര്‍ക്കം മൂത്ത് തെറിവിളിയായി. ചീത്ത വിളിച്ചതില്‍ പ്രകോപിതനായ സുരേഷ് അനിയെ മര്‍ദ്ദിച്ചു. പിടിച്ചു തള്ളി താഴെ ഇടുകയും ചെയ്തു. ടാര്‍ റോഡില്‍ തലയുടെ പിന്‍ഭാഗം അടിച്ചുവീണ അനി എണീറ്റു വന്നപ്പോള്‍ പിന്നെയും തള്ളിയിട്ടു. വീണ്ടും തല ശക്തിയായി റോഡില്‍ അടിച്ചു വീണപ്പോള്‍ തലയോട്ടി പൊട്ടി. തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ അനിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. അനിയുടെ മൊഴി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.