പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ആള്‍മാറാട്ടം: വിദ്യാഭ്യാസ വകുപ്പ് ഗൗരവത്തില്‍ എടുക്കും; നാദാപുരത്തെ സംഭവത്തില്‍ വിശദ അന്വേഷണം നടത്തും
By : സ്വന്തം ലേഖകൻ
Update: 2025-03-30 05:50 GMT
കോഴിക്കോട്: പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ആള്‍മാറാട്ടം നടന്ന സംഭവം വിദ്യാഭ്യാസ വകുപ്പ് ഗൗരവത്തില്‍ എടുക്കും. കോഴിക്കോട് നാദാപുരത്ത് കടമേരി ആര്‍എസി എച്ച്എസ്എസില്‍ ആണ് സംഭവം. കര്‍ശന നടപടികള്‍ ഈ സംഭവത്തിലുണ്ടാകും.
പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പകരം പരീക്ഷയെഴുതിയ ബിരുദ വിദ്യാര്‍ഥിയെ അറസ്റ്റുചെയ്തു. മൊഹമ്മദ് ഇസ്മയില്‍ ആണ് അറസ്റ്റിലായത്. ഇംഗ്ലീഷ് ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെയാണ് ആള്‍മാറാട്ടം നടന്നത്. ഹോള്‍ ടിക്കറ്റില്‍ കൃത്രിമം നടത്തിയ ശേഷമായിരുന്നു ബിരുദ വിദ്യാര്‍ഥി പരീക്ഷയെഴുതാന്‍ എത്തിയത്. തുടര്‍ന്ന് ആള്‍മാറാട്ടം നടന്നതായി മനസിലായ അധ്യാപകന് പ്രിന്‍സിപ്പലിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സ്കൂള്‍ ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നും പരിശോധിക്കും.