തീവണ്ടിയില്‍നിന്നു വീണു മരിച്ച അതിഥി തൊഴിലാളിയുടെ പേഴ്‌സില്‍ നിന്നും പണം മോഷ്ടിച്ച സംഭവം; എസ്.ഐക്ക് സസ്‌പെന്‍ഷന്‍

മരിച്ചയാളുടെ പണം മോഷ്ടിച്ച ആലുവ എസ്ഐക്ക് സസ്പെൻഷൻ

Update: 2025-03-31 01:44 GMT

ആലുവ: തീവണ്ടിയില്‍നിന്നു വീണു മരിച്ച അതിഥി തൊഴിലാളിയുടെ പേഴ്‌സില്‍നിന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. ആലുവ പോലീസ് സ്റ്റേഷനിലെ എസ്‌ഐ കോതമംഗലം നെല്ലിക്കുഴി സ്വദേശി പി.എം. സലീമിനെയാണ് റൂറല്‍ എസ്പി ഡോ. വൈഭവ് സക്‌സേന സസ്‌പെന്‍ഡ് ചെയ്തത്. മരിച്ചയാളുടെ പേഴ്‌സിലുണ്ടായിരുന്ന 8000 രൂപയില്‍ നിന്നും സലീം 3000 രൂപ മോഷ്ടിക്കുക ആയിരുന്നു. സലീമിനെതിരേ മോഷണക്കുറ്റത്തിന് ആലുവ പോലീസ് കേസെടുത്തു.

മാര്‍ച്ച് 19-ന് പുലര്‍ച്ചെ ആലുവയില്‍ തീവണ്ടിയില്‍ നിന്നുവീണു മരിച്ച അസം സ്വദേശി ജിതുല്‍ ഗോഗോയി (27) യുടെ പേഴ്‌സിലെ പണമാണ് എസ്‌ഐ സലീം പോലീസ് സ്റ്റേഷനില്‍വെച്ച് മോഷ്ടിച്ചത്. ജിതുലിന്റെ പക്കലുണ്ടായിരുന്ന സാധനങ്ങളും പേഴ്‌സില്‍ ഉണ്ടായിരുന്ന തുകയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയ പോലീസുകാര്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. പേഴ്‌സും മറ്റ് സാധനങ്ങളും പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ജനറല്‍ ഡയറി (ജി.ഡി.) ചാര്‍ജുള്ള ഉദ്യോഗസ്ഥന്റെ മേശയുടെ മുകളില്‍ വെച്ചു.

ജിതുലിന്റെ ബന്ധുക്കള്‍ക്ക് മടക്കി നല്‍കേണ്ടതിനാല്‍ ജിഡി ഉദ്യോഗസ്ഥന്‍ സാധനങ്ങള്‍ പരിശോധിച്ചപ്പോഴാണ് രേഖപ്പെടുത്തിയതിനെക്കാള്‍ 3000 രൂപ പേഴ്‌സില്‍ കുറവുള്ളത് കണ്ടെത്തിയത്. പണം ആരാണ് എടുത്തത് എന്ന് ചോദിച്ചെങ്കിലും സലീം ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എടുത്തില്ല എന്ന് മറുപടി നല്‍കി. ഇതോടെ ആ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എല്ലാവരും സംശയത്തിന്റെ നിഴലിലായി.

പണം എടുത്തയാളെ കണ്ടെത്താന്‍ പോലീസ് സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് സലീമാണ് പണം മോഷ്ടിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ആലുവ ഡിവൈഎസ്പി ടി.ആര്‍. രാജേഷിനോട് റൂറല്‍ എസ്പി വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇയാള്‍ക്കെതിരേ കൂടുതല്‍ നടപടികള്‍ ഉണ്ടാകും. നേരത്തേ ശിക്ഷാനടപടികളുടെ ഭാഗമായി സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ളവ സലീമിന് ലഭിച്ചിട്ടുണ്ട്.

Tags:    

Similar News