ജീവിതത്തില്‍ ഇതുവരെ മദ്യപിക്കാത്ത ഡ്രൈവര്‍; എന്നിട്ടും കെഎസ്ആര്‍ടിസിയുടെ ബ്രത്തലൈസറില്‍ കുടുങ്ങി ടി.കെ ഷിദീഷ്: ഡ്യൂട്ടി നിഷേധിച്ചതോടെ കോഴിക്കോട് സ്റ്റാന്‍ഡില്‍ ബഹളം
ജീവിതത്തില്‍ ഇതുവരെ മദ്യപിക്കാത്ത ഡ്രൈവര്‍; എന്നിട്ടും കെഎസ്ആര്‍ടിസിയുടെ ബ്രത്തലൈസറില്‍ കുടുങ്ങി ടി.കെ ഷിദീഷ്
കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ ബ്രെത്തലൈസര്‍ ടെസ്റ്റില്‍ ഇതുവരെ മദ്യപിക്കാത്ത ഡ്രൈവര്‍ മദ്യപനായി. ഇതോടെ, ഡ്യൂട്ടി നല്‍കാനാകില്ലെന്നു കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ അറിയിച്ചതോടെ ബഹളമായി. ജീവിതത്തില്‍ ഇതുവരെ മദ്യപിക്കാത്ത ഡ്രൈവറാണ് കെഎസ്ആര്‍ടിസിയുടെ ബ്രെത്തലൈസറില്‍ മദ്യപാനിയായത്. കോഴിക്കോട് ഡിപ്പോ ഡ്രൈവര്‍ ആര്‍ഇസി മലയമ്മ സ്വദേശി ടി.കെ.ഷിദീഷിയെയാണു ബ്രെത്തലൈസര്‍ ചതിച്ചത്.
ഇന്നലെ രാവിലെ ഏഴിന് കോഴിക്കോട് മാനന്തവാടി റൂട്ടില്‍ സര്‍വീസിനു ഡ്യൂട്ടിക്കെത്തിയപ്പോഴാണ് ഷിദീഷ് ബ്രെത്തലൈസറില്‍ കുടുങ്ങിയത്. രാവിലെ 6.15 ന് പാവങ്ങാട് ഡിപ്പോയില്‍ എത്തിയ ഷിദീഷ് ബസ് കോഴിക്കോട് സ്റ്റാന്‍ഡില്‍ എത്തിച്ചു. തുടര്‍ന്നു മാനന്തവാടിയിലേക്കു യാത്ര പുറപ്പെടും മുന്‍പ് ഷിദീഷിനെ ഊതിച്ചപ്പോള്‍ 9 പോയിന്റ് റീഡിങ് കണ്ടു. എന്നാല്‍ താന്‍ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം ഹോമിയോ മരുന്നു കഴിച്ചതായും ഷിദീഷ് പറഞ്ഞെങ്കിലും ഡ്യൂട്ടി നിഷേധിച്ചു. മദ്യപിച്ചില്ലെന്നു തെളിയിക്കാന്‍ ശ്രമിച്ചിട്ടും ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതായും പരാതിയുണ്ട്.
ഇതോടെ സ്റ്റാന്‍ഡില്‍ ബഹളമായി. ഒടുവില്‍ ഇന്നു ഡ്യൂട്ടിക്കെത്താനും അടുത്ത ദിവസം എംഡിയുമായി നേരില്‍ കാണാനും ഡ്രൈവര്‍ക്കു നിര്‍ദേശം നല്‍കി. എന്നാല്‍ സ്റ്റാന്‍ഡിലെ ബഹളം അറിഞ്ഞ് നടക്കാവ് പൊലീസ് സ്ഥലത്തെത്തി. 30 പോയിന്റോ അതിലധികമോ ഉണ്ടെങ്കിലേ മദ്യപിച്ചതിനു തുടര്‍ നടപടിയെടുക്കാന്‍ കഴിയൂ എന്നു പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബ്രെത്തലൈസറില്‍ പൂജ്യം ആണെങ്കില്‍ മാത്രമേ ഡ്യൂട്ടി നല്‍കാന്‍ അനുവാദമുള്ളൂ എന്നു പരിശോധിച്ച സ്റ്റേഷന്‍ മാസ്റ്ററും അറിയിച്ചു.
തുടര്‍ന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ഷിദീഷിനോട് ഇന്നു ഡ്യൂട്ടിക്കെത്താനും അടുത്ത ദിവസം തന്നെ എംഡിയുമായും മെഡിക്കല്‍ ബോര്‍ഡുമായും ബന്ധപ്പെടാനും നിര്‍ദേശിച്ചു. ഒരു വര്‍ഷം മുന്‍പാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കു ബ്രെത്തലൈസര്‍ പരിശോധന ആരംഭിച്ചത്. ഇതില്‍ ഒന്നില്‍ കൂടുതല്‍ പോയിന്റ് രേഖപ്പെടുത്തിയാല്‍ തിരിവനന്തപുരത്തേക്കു റിപ്പോര്‍ട്ട് നല്‍കും. 6 മാസം സസ്‌പെന്‍ഷനും പിന്നീടു സ്ഥലം മാറ്റവും ഇതിനെത്തുടര്‍ന്നുണ്ടാകും.