ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം: ഉത്തരവാദിയായ അധ്യാപകന്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കി; പോലീസില്‍ പരാതി കൊടുത്തുവെന്ന് വിശദീകരണം

Update: 2025-04-04 07:59 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തിന് ഉത്തരവാദിയായ അധ്യാപകന്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കി. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുത്തിയത് മനഃപൂര്‍വമല്ലെന്നും പിറ്റേ ദിവസം തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നെന്നുമാണ് ഇയാളുടെ വിശദീകരണം. അതേസമയം സംഭവത്തില്‍ അധ്യാപകന്‍ ജോലി ചെയ്യുന്ന പൂജപ്പുര ഐസിഎം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറോടും സര്‍വകലാശാല വിശദീകരണം തേടിയിട്ടുണ്ട്.

എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ 71 വിദ്യാര്‍ഥികളുടെ പരീക്ഷ ഏപ്രില്‍ ഏഴിന് നടത്തുമെന്ന് സിന്‍ഡിക്കേറ്റ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മലാണ് ഇക്കാര്യം അറിയിച്ചത്. 2024 മെയ് മാസത്തില്‍ പരീക്ഷ നടന്ന പ്രൊജക്റ്റ് ഫിനാന്‍സിന്റെ ഉത്തരകടലാസുകളാണ് അധ്യാപകന്റെ കൈയില്‍നിന്ന് നഷ്ടമായത്. മൂല്യനിര്‍ണയത്തിനുശേഷം വരുന്ന വഴിക്ക് ഈ പേപ്പറുകള്‍ നഷ്ടമായ വിവരം അധ്യാപകന്‍ സര്‍വകലാശാലയെ അറിയിക്കുകയായിരുന്നു.

Similar News