ഒരേസമയം വേട്ടക്കാരന്‍ ആവുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്നത് അവസാനിപ്പിക്കണം; ചെക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന്റെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി റദ്ദാക്കിയത് സിപിഎമ്മിന്റെ ഇരട്ടത്താപ്പെന്ന് കിഫ

Update: 2025-04-06 07:11 GMT

തിരുവനന്തപുരം: അതി രൂക്ഷമായ വന്യമൃഗ ശല്യം നേരിടുന്ന ചക്കിട്ടപാറ പഞ്ചായത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി വനത്തിനു വെളിയില്‍ ഇറങ്ങുന്ന എല്ലാ മൃഗങ്ങളെയും വെടിവെച്ചു കൊല്ലും എന്ന് തീരുമാനമെടുത്ത സിപിഎം ഭരിക്കുന്ന ചെക്കിട്ടപാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരായി പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്ഥാനം റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ ഇരട്ടത്താപ്പ് ആണെന്ന് കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ പ്രസ്താവിച്ചു.

ഒരേസമയം വേട്ടക്കാരന്‍ ആവുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് സിപിഎം എന്ന പാര്‍ട്ടി അവസാനിപ്പിച്ചുകൊണ്ട് ജനങ്ങളോടൊപ്പം ആണോ അതോ വനം വകുപ്പിനോടൊപ്പം ആണോ നില്കുന്നത് എന്ന് സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളോടൊപ്പം ആണ് സിപിഎം എന്ന പാര്‍ട്ടി നില്‍ക്കുന്നത് എങ്കില്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈല്‍ഡ് ലൈഫ് സ്ഥാനം റദ്ദാക്കിയ നടപടി എത്രയും പെട്ടെന്ന് പിന്‍വലിക്കുകയും വനത്തിന് വെളിയില്‍ റവന്യു ഭൂമിയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ സ്വരക്ഷാര്‍ത്ഥം കൊന്നാല്‍ കേസ് എടുക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യണം. ഇടുക്കി ജില്ലയില്‍ മാങ്കുളത്ത് സ്വന്തം വീട്ടില്‍ അതിക്രമിച്ചു കയറിയ പുലിയെ സ്വരക്ഷാര്‍ത്ഥം കൊന്ന ഗോപാലന്‍ എന്ന വ്യക്തിക്കെതിരെ കേസെടുക്കുന്നില്ല എന്ന് പ്രഖ്യാപിച്ചത് സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രന്‍ നേരിട്ടാണ്.

അതുകൊണ്ട് അത്തരം കേസുകളില്‍ കേസെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരിന് ഉണ്ട് എന്ന് വ്യക്തമാണ്. ആ അധികാരം ഉപയോഗിച്ചുകൊണ്ട് വന്യമൃഗ ശല്യത്താല്‍ നട്ടംതിരിയുന്ന കേരളത്തിലെ കര്‍ഷക ജനതയ്ക്ക് സുരക്ഷ ഒരുക്കാന്‍ ഉള്ള രാഷ്ട്രീയ ആര്‍ജ്ജവം ഇടതു സര്‍ക്കാര്‍ കാണിക്കണമെന്നും അലക്‌സ് ഒഴുകയില്‍ ആവശ്യപ്പെട്ടു

Tags:    

Similar News