ഓണ്‍ലൈന്‍ ഓഹരി കെണിയില്‍പ്പെടുത്തി ഹൈക്കോടതി മുന്‍ ജഡ്ജിയുടെ 90 ലക്ഷം തട്ടിയ കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ ഓഹരി കെണിയില്‍പ്പെടുത്തി ഹൈക്കോടതി മുന്‍ ജഡ്ജിയുടെ 90 ലക്ഷം തട്ടിയ കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍

Update: 2025-04-07 03:30 GMT

കൊച്ചി: ഓണ്‍ലൈന്‍ ഓഹരി കെണിയിലൂടെ ഹൈക്കോടതി മുന്‍ ജഡ്ജിയില്‍നിന്ന് 90 ലക്ഷം തട്ടിയെടുത്ത മൂന്നു മലയാളി യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഇടച്ചേരി ചെറിയ വട്ടക്കണ്ടിയില്‍ വീട്ടില്‍ എന്‍. മിര്‍ഷാദ്, കോഴിക്കോട് ഇടച്ചേരി തെങ്ങുള്ളതില്‍ വീട്ടില്‍ മുഹമ്മദ് ഷെര്‍ജില്‍, കണ്ണൂര്‍ പെരിങ്ങത്തൂര്‍ വലിയപറമ്പത്ത് വീട്ടില്‍ മുഹമ്മദ് ഷാ എന്നിവരെയാണ് എറണാകുളം സൈബര്‍ ക്രൈം പോലീസ് വടകരയില്‍നിന്ന് പിടികൂടിയത്. ജഡ്ജിയില്‍നിന്ന് തട്ടിയെടുത്ത തുക ഇവരുടെ അക്കൗണ്ടില്‍ എത്തിയിരുന്നു. ഈ തുക ഇവര്‍ പിന്‍വലിച്ചതോടെയാണ് അറസ്റ്റ്. മൂന്നു പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചാല്‍ വന്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ആദിത്യ ബിര്‍ള ഇക്വിറ്റിയുടെ പേരിലാണ് തട്ടിപ്പ് അരങ്ങേറിയത്. ഹൈക്കോടതി മുന്‍ ജഡ്ജി തൃപ്പൂണിത്തുറ എരൂര്‍ അമൃത ലെയ്ന്‍ 'സ്വപ്ന'ത്തില്‍ ശശിധരന്‍ നമ്പ്യാര്‍ക്കാണ് പണം നഷ്ടമായത്. ആദിത്യ ബിര്‍ള ഇക്വിറ്റി ലേണിങ് ഗ്രൂപ്പ് എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ശശിധരന്‍ നമ്പ്യാരെ പ്രതികള്‍ ചേര്‍ത്തു. 2023 ഡിസംബര്‍ നാലു മുതല്‍ 30 വരെ ശശിധരന്‍ നമ്പ്യാരുടെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ഓണ്‍ലൈനായി തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തുകൊണ്ടിരുന്നു. എന്നാല്‍, പണമൊന്നും തിരികെ ലഭിക്കാതായതോടെയാണ് ശശിധരന്‍നമ്പ്യാര്‍ പോലീസില്‍ പരാതി നല്‍കിയത്.

2024 ഡിസംബറില്‍ നടന്ന സംഭവത്തില്‍ ജഡ്ജിയുടെ പരാതിയില്‍ തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പോലീസ് കേസെടുത്തിരുന്നു. വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ജഡ്ജിയുമായി ബന്ധം സ്ഥാപിച്ച അയന ജോസഫ്, വര്‍ഷാ സിങ് എന്നിവര്‍ക്കെതിരേയാണ് വിശ്വാസവഞ്ചനയ്ക്കും ഐടി ആക്ട് പ്രകാരവും പോലീസ് കേസെടുത്തിരുന്നത്. ഇവര്‍ യഥാര്‍ഥത്തില്‍ ഉള്ളവരാണോ അതോ വ്യാജ പേരുകളാണോ എന്ന കാര്യത്തില്‍ പോലീസിനു വ്യക്തതയുണ്ടായിരുന്നില്ല. സൈബര്‍ ക്രൈം പോലീസിന് അന്വേഷണം കൈമാറുകയായിരുന്നു.

തട്ടിപ്പിലൂടെ ബാങ്കില്‍ എത്തുന്ന പണം എടിഎമ്മിലൂടെയും ചെക്കിലൂടെയും പിന്‍വലിച്ച് ക്രിപ്റ്റോ കറന്‍സിയിലൂടെയും ഡോളര്‍ കണ്‍വര്‍ഷനിലൂടെയും വിദേശ നിക്ഷേപമായി മാറ്റുകയാണ് ചെയ്തിരുന്നത്. ഈ കുറ്റകൃത്യങ്ങള്‍ നടത്തുന്നതിനായി ഉപയോഗിച്ച ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അവ കംബോഡിയ കേന്ദ്രീകരിച്ച് ആസൂത്രണം ചെയ്ത കുറ്റകൃത്യമാണെന്ന് കണ്ടെത്തി.

Tags:    

Similar News