മാസപ്പടി കേസ്; എസ് എഫ് ഐ ഒയ്ക്കും കേന്ദ്ര കമ്പനി കാര്യമന്ത്രാലയത്തിനും നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി; സിഎംആര്‍എല്‍ ഹര്‍ജിയില്‍ തുടര്‍ നടപടികള്‍ മറ്റെന്നാള്‍
ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എസ്എഫ്‌ഐഓയ്ക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി. നാളെ തന്നെ മറുപടി നല്‍കാനാണ് നിര്‍ദേശം. അതേസമയം കേസില്‍ തുടര്‍നടപടികള്‍ തടയണമെന്ന സിഎംആര്‍എല്‍ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി മറ്റന്നാള്‍ വാദം കേള്‍ക്കും. സിഎംആര്‍എല്‍ ഹര്‍ജി തീര്‍പ്പാക്കുംവരെ കേസില്‍ തുടര്‍നടപടികളുണ്ടാകില്ലെന്ന് ഹൈക്കോടതിയിലെതന്നെ മറ്റൊരു ബെഞ്ച് നേരത്തെ വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ലംഘിക്കപ്പെട്ടെന്നും സിഎംആര്‍എല്‍ വാദിച്ചു.
എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. കുറ്റപ്പത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹര്‍ജി നിലനില്‍ക്കുമോ എന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി ഗീരീഷ് കപ്താല്‍ ചോദിച്ചു. എന്നാല്‍ നേരത്തെ നല്‍കിയ ഉറപ്പ് അന്വേഷണ എജന്‍സി പാലിച്ചില്ലെന്ന് സിഎംആര്‍എല്ലിനായി ഓണ്‍ലൈനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കോടതിയില്‍ തുടര്‍നടപടികള്‍ തുടങ്ങാനിരിക്കെയാണ് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെയും പ്രതി ചേര്‍ത്തത് ഇക്കഴിഞ്ഞ ദിവസമാണ് . വീണയെയും സിഎംആര്‍എല്‍ മേധാവി ശശിധരന്‍ കര്‍ത്തയെയും ബോര്‍ഡ് അംഗങ്ങളെയും വിചാരണ ചെയ്യാന്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമാണ് എസ് എഫ് സി ഒക്ക് അനുമതി നല്‍കി. സാമ്പത്തിക ക്രമക്കേടിന് പത്ത് വര്‍ഷം തടവ് ലഭിക്കാവുന്ന കേസുകളാണ് എസ് എഫ് സി ഒ ചുമത്തിയിട്ടുള്ളത്. സി എം ആറില്‍ നിന്നും എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍ നിന്നും വീണയും ഹെക്‌സ ലോജിക്കും രണ്ട് കോടി എഴുപത്ത് ലക്ഷം അനധികൃതമായി കൈപ്പറ്റിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സേവനമില്ലതെ പണം കൈപറ്റിയെന്നാണ് ആരോപണം.