കോട്ടയം നാട്ടകത്ത് ലോറിയിലേക്ക് ജീപ്പ് ഇടിച്ചു കയറി അപകടം; ജീപ്പിലുണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു; പരിക്കേറ്റ മൂന്നു പേര്‍ ആശുപത്രിയില്‍
കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ചു രണ്ട് പേര്‍ മരിച്ചു
കോട്ടയം: നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ 3 പേര്‍ക്ക് പരുക്കേറ്റു. എംസി റോഡില്‍ നാട്ടകം പോളിടെക്‌നിക് കോളജിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം. ജീപ്പിലുണ്ടായിരുന്ന 2 പേരാണ് മരിച്ചത്. ജീപ്പിന് പിന്നിലിരുന്ന മൂന്നുപേര്‍ക്കാണ് പരുക്ക് സംഭവിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍നിന്നും ലോഡ് കയറ്റി വന്ന ലോറിയിലേക്ക് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു.
തൊടുപുഴ സ്വദേശികളാണ് ജീപ്പിലുണ്ടായിരുന്നത് എന്നാണ് വിവരം. ഇവര്‍ ഇന്റീരിയര്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ്. അപകടത്തിനു പിന്നാലെ എംസി റോഡില്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടു. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന ജീപ്പ് അഗ്‌നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്. അപകടത്തെത്തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം ചിങ്ങവനം പൊലീസ് എത്തി നീക്കി.