സ്വന്തം വിവാഹത്തിന് പണംകണ്ടെത്താന്‍ കഞ്ചാവ് വില്‍പന; ആറ് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റില്‍
സ്വന്തം വിവാഹത്തിന് പണംകണ്ടെത്താന്‍ കഞ്ചാവ് വില്‍പന; ആറ് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റില്‍
കോട്ടയം: സ്വന്തം വിവാഹത്തിന് പണംകണ്ടെത്താന്‍ കഞ്ചാവ് വില്‍പ്പന നടത്തിയ ഒഡിഷ സ്വദേശി കോട്ടയത്ത് അറസ്റ്റില്‍. ഒഡിഷയില്‍നിന്ന് വില്പനയ്‌ക്കെത്തിച്ച ആറ് കിലോയിലേറെ കഞ്ചാവുമായി സന്ന്യാസി ഗൗഡ (32) യാണ് പിടിയിലായത്. കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് ആര്‍പിഎഫ്, റെയില്‍വേ പോലീസ്, എക്‌സൈസ് എന്നിവ ചേര്‍ന്നാണ് ഇയാളെ പിടിച്ചത്.
തന്റെ വിവാഹച്ചെലവിന് പണം കണ്ടെത്താനാണ് കഞ്ചാവുമായെത്തിയതെന്നാണ് ഇയാള്‍ എക്‌സൈസിനോട് പറഞ്ഞത്. ഒഡിഷയിലെ ഉള്‍പ്രദേശങ്ങളില്‍നിന്ന് കഞ്ചാവ് കോട്ടയത്ത് എത്തിച്ച് വിവിധ പ്രദേശങ്ങളില്‍ വിതരണം നടത്തുന്നുവെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. കഞ്ചാവ് കൈമാറ്റം ചെയ്യാന്‍ ആളെ കാത്ത് നില്‍ക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്.
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.ജി. രാജേഷ്, ആര്‍പിഎഫ് എസ്‌ഐ എന്‍.എസ്. സന്തോഷ്, റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ റെജി പി. ജോസഫ്, സിപിഒമാരായ ശരത് ശേഖര്‍, ജോബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.