കേരള ഖാദി ഇനി ഓണ്‍ലൈനിലേക്കും; യുവജനങ്ങള്‍ക്ക് ഡിജിറ്റല്‍ തൊഴിലവസരവും
കേരള ഖാദി ഇനി ഓണ്‍ലൈനിലേക്കും; യുവജനങ്ങള്‍ക്ക് ഡിജിറ്റല്‍ തൊഴിലവസരവും
കണ്ണൂര്‍: കേരള ഖാദി ഇനി ഓണ്‍ലൈനിലും ലഭ്യമാകും. ഖാദി കുട്ടിക്കുപ്പായം, പട്ടുസാരികള്‍, കോട്ടണ്‍സാരികള്‍, ചുരിദാര്‍ ടോപ്പുകള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, കാവിമുണ്ടുകള്‍, ഡബിള്‍മുണ്ടുകള്‍, തോര്‍ത്തുകള്‍, ചവിട്ടികള്‍, പഞ്ഞിക്കിടക്കകള്‍, തലയണകള്‍ എന്നിവയ്ക്ക് പുറമെ ഡിജിറ്റല്‍ ഫോട്ടോ പ്രിന്റിങ് ഉള്‍പ്പെടെയുള്ള നൂതന ഡിസൈനുകള്‍ ഖാദിയില്‍ ചെയ്തുനല്‍കും. സ്വീകാര്യതയ്ക്കനുസരിച്ച് കൂടുതല്‍ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലിറക്കുമെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പറഞ്ഞു.
ഓണ്‍ലൈന്‍ മാര്‍ക്കറ്റിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ തൊഴിലവസരവും ഒരുക്കുന്നുണ്ട്. ഉത്പന്നങ്ങളുടെ ഡിജിറ്റല്‍ പ്രചാരണം നടത്തി സ്വയംതൊഴില്‍ വരുമാന പദ്ധതിയുടെ ഭാഗമാകാന്‍ യുവാക്കള്‍ക്ക് അവസരം നല്‍കും. സ്വയംതൊഴില്‍ ചെയ്യാന്‍ താത്പര്യമുള്ള യുവതീയുവാക്കള്‍ക്ക് കേരള ഖാദിയുടെ ഭാഗമാകാന്‍ അവസരം ലഭിക്കും. ഖാദി വൈബ്സ് ആന്‍ഡ് ട്രെന്‍ഡ്സിന്റെ ഉത്പന്നങ്ങളുടെ ഡിജിറ്റല്‍ പബ്ലിസിറ്റി നടത്തി ഡിജിറ്റല്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റുമാര്‍, ഡിജിറ്റല്‍ മാനേജ്മെന്റ് ഡീലേഴ്‌സ് എന്ന നിലയില്‍ സ്വയംതൊഴില്‍ വരുമാന പദ്ധതിയിലേക്ക് അപേക്ഷിക്കാം.
20നും 35-നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു /ബിരുദ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ ഖാദി ബോര്‍ഡിന്റെ പയ്യന്നൂര്‍ ഖാദി സെന്ററിലേക്ക് ഇ-മെയില്‍, വാട്ട്സാപ്പ് മുഖേന ബയോഡേറ്റ ഏപ്രില്‍ 30-നുള്ളില്‍ അപേക്ഷിക്കണം. ഇ-മെയില്‍: dpkc@kkvib.org, വാട്ട്സാപ് നമ്പര്‍ : 9496661527, 9526127474.