വാര്‍ഷിക പരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് ഇല്ലെങ്കില്‍ പുന:പരീക്ഷ എഴുതണം; അടുത്ത വര്‍ഷം മുതല്‍ പ്രൈമറി ക്ലാസുകളിലും മിനിമം മാര്‍ക്ക് സമ്പ്രദായം

അടുത്ത വര്‍ഷം മുതല്‍ പ്രൈമറി ക്ലാസുകളിലും മിനിമം മാര്‍ക്ക് സമ്പ്രദായം

Update: 2025-04-21 01:13 GMT

തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ പ്രൈമറി ക്ലാസുകളിലും മിനിമം മാര്‍ക്ക് സമ്പ്രദായം നടപ്പിലാക്കാന്‍ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പുതിയ അധ്യയനവര്‍ഷം 5,6 ക്ലാസുകളിലും അടുത്തവര്‍ഷം ഏഴാം ക്ലാസിലും കൂടി മിനിമം മാര്‍ക്ക് സമ്പ്രദായം നടപ്പാക്കുമെന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് സമ്പ്രദായം നടപ്പിലാക്കിയിരുന്നു.

പ്രൈമറിക്ക് പുറമേ പുതിയ അധ്യയനവര്‍ഷം ഒന്‍പതാം ക്ലാസിലും അടുത്തവര്‍ഷം പത്താം ക്ലാസിലും ഈ രീതി നടപ്പാക്കുമെന്നു നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് അപ്പര്‍ പ്രൈമറി തലത്തിലേക്കുകൂടി വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. ഇതോടെ 2026-27 അധ്യയനവര്‍ഷം മുതല്‍ യുപി, ഹൈസ്‌കൂള്‍ ക്ലാസുകളിലെല്ലാം മിനിമം മാര്‍ക്ക് വ്യവസ്ഥ നിലവില്‍ വരും. പദ്ധതി നിലവില്‍ വരുന്നതോടെ വാര്‍ഷിക എഴുത്തുപരീക്ഷയില്‍ 30% മാര്‍ക്ക് നേടാനാകാത്ത അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ തലത്തിലെ എല്ലാ കുട്ടികള്‍ക്കും പുനഃപരീക്ഷ നടത്തേണ്ടി വരും.

എന്നാല്‍ മുപ്പത് ശതമാനം മാര്‍ക്ക് നേടാത്തവര്‍ക്കും ഒന്‍പതാം ക്ലാസ് വരെ സ്ഥാനക്കയറ്റം തടയില്ല. എന്നാല്‍ എട്ടാം ക്ലാസില്‍ നടപ്പാക്കിയ അതേ രീതിയില്‍ അവധിക്കാലത്തു സ്‌പെഷല്‍ ക്ലാസുകളിലൂടെ പഠനപിന്തുണ നല്‍കി വീണ്ടും പരീക്ഷ എഴുതിക്കും. 30% മാര്‍ക്കില്ലാത്ത വിഷയത്തില്‍ മാത്രമാകും പുനഃപരീക്ഷ. എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ സ്‌കൂളുകളില്‍ ഇത്തരത്തില്‍ ക്ലാസ് നടക്കുകയാണ്. ഈമാസം 25 മുതല്‍ 28 വരെയാണു പുനഃപരീക്ഷ.

2026-27 മുതല്‍ എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങളിലും എഴുത്തുപരീക്ഷയില്‍ 30% മാര്‍ക്ക് നേടിയാല്‍ മാത്രമേ ഉപരിപഠന യോഗ്യത ലഭിക്കൂ. തുടര്‍മൂല്യനിര്‍ണയത്തിന്റെ പേരില്‍ കിട്ടുന്ന 20% മാര്‍ക്കിനുപുറമേ എഴുത്തുപരീക്ഷയില്‍ 10% മാര്‍ക്ക് മാത്രം നേടുന്നവരും ജയിക്കുന്ന നിലവിലെ രീതിക്ക് അതോടെ അവസാനമാകും. പത്താം ക്ലാസില്‍ മോഡല്‍ പരീക്ഷയില്‍ 30% മാര്‍ക്ക് നേടാനാകാത്തവര്‍ക്കായി എസ്എസ്എല്‍സി പരീക്ഷയ്ക്കു മുന്‍പ് സ്‌പെഷല്‍ ക്ലാസുകള്‍ നടത്താനാണു തീരുമാനം.

Tags:    

Similar News