എംസി റോഡില്‍ ടോറസുമായി കൂട്ടിയിടിച്ച് പച്ചക്കറി ലോറി മറിഞ്ഞു; അപകടം അടൂരിനും പന്തളത്തിനുമിടയില്‍; ലോറി ഡ്രൈവര്‍ക്ക്ഗുരുതര പരുക്ക്

Update: 2025-04-25 04:08 GMT

അടൂര്‍: എം.സി റോഡില്‍ ഇന്ന് പുലര്‍ച്ചെ ടോറസുമായി കൂട്ടിയിടിച്ച് പച്ചക്കറി ലോറി മറിഞ്ഞ് അപകടം. പച്ചക്കറി ലോറിയുടെ ഡ്രൈവര്‍ക്ക്ഗുരുതരപരുക്ക്. ഇന്ന് പുലര്‍ച്ചെ നാലിന് അടൂരിനും പന്തളത്തിനുമിടയില്‍ അരമനപ്പടിക്ക് സമീപമാണ് അപകടം. പച്ചക്കറി കയറ്റി തമിഴ്നാട്ടില്‍ നിന്നും വന്ന ലോറി ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് റോഡിന് കുറുകേ മറിയുകയായിരുന്നു. ലോറിയിലെഡ്രൈവര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തെ ആശുപത്രിയിലാക്കി. ക്ലീനര്‍ക്ക് നിസ്സാര പരുക്കുപറ്റി. ടോറസ് ലോറിഡ്രൈവര്‍ക്ക് പരുക്കുകള്‍ ഒന്നുമില്ല.

ലോറിയില്‍ നിന്നുള്ള പച്ചക്കറി റോഡില്‍ നിരന്നു. ഇത് ഫയര്‍ ഫോഴ്സ് നീക്കം ചെയ്തു. ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റി. ലോറിയുടെ ടാങ്ക് പൊട്ടി ഡീസല്‍ റോഡില്‍ ഒഴുകി വീണത് നീക്കം ചെയ്തു. അടൂര്‍ ഫയര്‍സ്റ്റേഷന്‍ സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫിന്റെ നേതൃത്വത്തില്‍ ഉള്ള സംഘത്തില്‍ ശ്രീജിത്ത്, സജാദ്, രാഹുല്‍, ദിപിന്‍, ശ്രീകുമാര്‍ എന്നിവരുടെ ടീം ആണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.

Similar News