കൊലക്കേസ് പ്രതിയുടെ കുടുംബവുമായി സഹകരിച്ചതിന് വീട്ടില്‍ കയറി അതിക്രമം; തിരുവല്ലയില്‍ വീടാക്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍
തിരുവല്ല: യുവാവ് കുത്തേറ്റ് മരിച്ച കേസിലെ പ്രതിയുടെ വീടുമായി സഹകരിക്കുന്നതിന്റെ പേരില്‍ മറ്റൊരു വീട്ടില്‍ കയറി അക്രമം നടത്തിയ കേസില്‍ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. ഇരവിപേരൂര്‍ കിഴക്കന്‍ ഓതറ തൈക്കാട് അമ്പഴത്താംകുന്നില്‍ രതീഷിനെ (37) ആണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.
22 ന് രാത്രി ഒമ്പതിനാണ് സംഭവം. കഴിഞ്ഞ 13 ന് കിഴക്കന്‍ ഓതറയിലുണ്ടായ കത്തിക്കുത്തില്‍ മനോജ് (48) എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതി ഈസ്റ്റ് ഓതറ തൈക്കാട്ടില്‍ വീട്ടില്‍ വിക്രമനെന്ന ടി.കെ.രാജന്റെ കുടുംബവുമായി നക്രാംപുറത്തുപടി തൈക്കാട് കിഴക്കന്‍ വീട്ടില്‍ രാജനും വീട്ടുകാരും സഹകരിക്കുന്നതില്‍ പ്രകോപിതരായി മൂവര്‍ സംഘം ഇയാളുടെ വീട്ടില്‍ കമ്പിവടിയും മരക്കമ്പുകളുമായി അതിക്രമിച്ച കയറുകയായിരുന്നു.
രാജന്റെ ഭാര്യ കവിതയുടെ മൊഴിപ്രകാരമാണ് തിരുവല്ല പോലീസ് കേസെടുത്തത്. അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘം സിറ്റൗട്ടില്‍ കിടന്ന കസേര ചവുട്ടി പൊട്ടിക്കുകയും ചെയ്തു. പ്രതികള്‍ രാജനെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും മൊഴിയില്‍ പറയുന്നു. 13 നുണ്ടായ വഴക്കിനും തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ മനോജ് മരിക്കാനിടയായ സംഭവത്തിലും തുടക്കമിട്ടത് ഇപ്പോള്‍ അറസ്റ്റിലായ രതീഷ് ആണെന്ന് വെളിവായിരുന്നു.
മാത്രമല്ല, സ്ഥലത്ത് സ്ഥിരമായി പ്രശ്നമുണ്ടാക്കുന്നയാളും, ശല്യക്കാരനുമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. മറ്റ് പ്രതികളെ പിടികൂടാന്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.