പൊതുസ്ഥലത്തെ മാലിന്യം തള്ളല്‍; ഏഴു മാസത്തിനിടെ ലഭിച്ചത് 2895 പരാതികള്‍
പൊതുസ്ഥലത്തെ മാലിന്യം തള്ളല്‍; ഏഴു മാസത്തിനിടെ ലഭിച്ചത് 2895 പരാതികള്‍
വൈക്കം: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഏര്‍പ്പെടുത്തിയ വാട്സാപ്പ് നമ്പര്‍ വഴി ഏഴു മാസത്തിനിടെ ലഭിച്ചത് 2895 പരാതികള്‍. ഇതില്‍ തെളിവുസഹിതം അധികൃതരെ വിവരം അറിയിച്ച 22 പേര്‍ക്ക് വാഗ്ദാനംചെയ്ത പാരിതോഷികം നല്‍കി. ആലപ്പുഴ- രണ്ട്, കണ്ണൂര്‍-ഒന്ന്, കോഴിക്കോട്-എട്ട്, മലപ്പുറം-മൂന്ന് എന്നിങ്ങനെയാണിത്. എട്ടു പേര്‍ക്കുകൂടി നല്‍കാനുണ്ട്. സെപ്റ്റംബറിലാണ് വാട്സാപ്പ് നമ്പര്‍ ഏര്‍പ്പെടുത്തിയത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക പിന്തുണയോടെ ശുചിത്വമിഷനാണ് പദ്ധതി ആവിഷ്‌കരിച്ചത്.
9446700800 എന്ന വാട്സാപ്പ് നമ്പര്‍ വഴി പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരേ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്നത്. വീഡിയോകളായും ചിത്രങ്ങളായും പരാതി സ്വീകരിക്കും. ലൊക്കേഷന്‍ വിശദാംശങ്ങളും നല്‍കണം. വിശദാംശങ്ങള്‍ ഇല്ലാതെ വെറുതെ ലഭിച്ച പരാതികളാണ് കൂടുതലും. അതുകൊണ്ടാണ് നല്ലൊരു ശതമാനത്തിലും നടപടികള്‍ സ്വീകരിക്കാന്‍ പറ്റാഞ്ഞത്.
പരാതികള്‍ മാലിന്യമുക്ത നവകേരളം കാമ്പെയിന്റെ ഭാഗമായി വികസിപ്പിച്ച വാര്‍റൂം പോര്‍ട്ടലിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കും. തുടര്‍ന്ന് അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നടപടി എടുക്കും. രണ്ടുഘട്ടമായാണ് നടപടി. ആദ്യം മലിനമായ ഇടം ശുചിയാക്കും. പിന്നീട് കുറ്റക്കാരെ കണ്ടെത്തി പിഴ ചുമത്തും.
2024ലെ കേരള പഞ്ചായത്തീരാജ് (ഭേദഗതി) ആക്ട് വകുപ്പ് 219 എന്‍ (മൂന്ന്), 2024-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ആക്ട് വകുപ്പ് 340 (മൂന്ന്) എന്നിവ പ്രകാരമാണ്, മാലിന്യം തള്ളിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നത്. നിയമലംഘകര്‍ക്ക് 5000 രൂപ വരെയാണ് പിഴ. തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ഈടാക്കിയ പിഴയുടെ നിശ്ചിത ശതമാനമാണ് പാരിതോഷികം. ഓരോരുത്തര്‍ക്കും പരമാവധി 2500 രൂപവരെയാണ് പാരിതോഷികമായി നല്‍കിയത്. പരാതി നല്‍കിയവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.