അയല്‍വാസിയായ വീട്ടമ്മയെ വെട്ടിയും മര്‍ദിച്ചും കൊല്ലാന്‍ ശ്രമം; പ്രതിക്ക് 20 വര്‍ഷവും ഒരു മാസവും കഠിനതടവും 55500 രൂപ പിഴയും ശിക്ഷ
പത്തനംതിട്ട: വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് 20 വര്‍ഷവും ഒരു മാസവും കഠിനതടവും 55500 രൂപ പിഴയും ശിക്ഷ വിധിച്ച് അഡിഷണല്‍ സെഷന്‍സ് കോടതി മൂന്ന്. കോന്നി അരുവാപ്പുലം മുതുപേഴുങ്കല്‍ മുറ്റാക്കുഴി നടുവിലെ തറ വീട്ടില്‍ കുട്ടനെന്ന അജയകുമാ(50)റിനെയാണ് ജഡ്ജി ഡോ. പി കെ ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. ബിന്നി ഹാജരായി.
വധശ്രമത്തിനു 10 വര്‍ഷവും കഠിനദേഹോപദ്രവം ഏല്‍പ്പിച്ചതിനു ഏഴു വര്‍ഷവും ദേഹോപദ്രവത്തിനു മൂന്നു വര്‍ഷവും കുറ്റകരമായി അതിക്രമിച്ചുകടന്നതിന് ഒരു മാസവും എന്നിങ്ങനെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 15 മാസവും ഏഴു ദിവസവും വെറും തടവ് അനുഭവിക്കണം. 2018 മേയ് 20 ന് പകല്‍ മൂന്നിനാണ് സംഭവം. പ്രതിയുടെ അയല്‍വാസിയായ വിനോദിനി(58)യെയാണ് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി വെട്ടുകത്തികൊണ്ട് തലയിലും പിന്‍കഴുത്തിലും ഇടതു കൈക്കും മുഖത്തും ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ചത്. ഇയാള്‍ മദ്യപിച്ചുവന്ന് സ്ഥിരമായി അസഭ്യം പറയുന്നതിനെതിരെ കോന്നി പോലീസില്‍ വീട്ടമ്മ പരാതി നല്‍കിയിരുന്നു.
ഇതിന്റെ വിരോധം കാരണമാണ് പ്രതി ആക്രമണം നടത്തിയത്. തലയോട്ടിക്കും വലതു കണ്ണിന് താഴെ അസ്ഥിക്കും പൊട്ടലുണ്ടായി. അബോധാവസ്ഥയിലായിരുന്നതിനാല്‍ ബന്ധു അമ്പിളി സുരേഷിന്റെ മൊഴിപ്രകാരമാണ് അന്നത്തെ എസ്.ഐ ഇ ബാബു കേസ് രജിസ്റ്റര്‍ ചെയ്തത്. വധശ്രമത്തിനെടുത്ത കേസ് തുടര്‍ന്ന് അന്ന് കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ്. അഷാദ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.