നായാട്ടിനായി വനത്തിനുള്ളില്‍ കടന്നവരെ വനപാലകസംഘം പിടികൂടി; പെരുനാട് പോലീസ് കേസെടുത്തു

Update: 2025-04-26 07:23 GMT

പത്തനംതിട്ട: മൃഗവേട്ടക്ക് നാടന്‍ തോക്കും മറ്റുമായി വനത്തിനുള്ളില്‍ കടന്ന മൂവര്‍ സംഘത്തിലെ രണ്ടുപേരെ വനപാലകസംഘം പിടികൂടി. റിപ്പോര്‍ട്ട് കൈമാറിയതിനെതുടര്‍ന്ന് പ്രതികള്‍ക്കെതിരെ പെരുനാട് പോലീസ് കേസെടുത്തു. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് 20 ന് പുലര്‍ച്ചെ റാന്നി ഫോറസ്റ്റ് ഡിവിഷനില്‍പെട്ട വടശ്ശേരിക്കര റേഞ്ച് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ഒളികല്ല് വനമേഖലയില്‍ വേട്ടക്കെത്തിയ സംഘത്തെ കണ്ടെത്തിയത്. വനപാലക സംഘത്തിന്റെ പട്രോളിംഗിനിടെ കാറിലും ബൈക്കിലുമെത്തിയ ഇവരെ പിടികൂടുകയായിരുന്നു. സംഘത്തെ കണ്ട് നാടന്‍ തോക്കുമായി നിന്നയാള്‍ ഓടി രക്ഷപ്പെട്ടു.

കസ്റ്റഡിയിലായ രണ്ടുപേരുടെ കയ്യില്‍ നിന്നും നാല് ഈയ ഉണ്ടകളും, 100 ഗ്രാം വെടി മരുന്നും പിടിച്ചെടുത്തു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ഓടി രക്ഷപെട്ടയാള്‍ എഴുമറ്റൂര്‍ വാളക്കുഴി പനംപ്ലാക്കല്‍ എ.സി.സുരേഷ് ആണെന്ന് തിരിച്ചറിഞ്ഞു. വടശ്ശേരിക്കര കുമ്പളത്താമണ്‍ അയത്തില്‍ രാജേഷ് (39), എഴുമറ്റൂര്‍ പനം പ്ലാക്കല്‍ എസ് രാജേഷ് കുമാര്‍(34) എന്നിവരാണ് പിടിയിലായത്. പ്രതികളെയും, ഇവരില്‍ നിന്നും പിടിച്ചെടുത്ത ഈയ ഉണ്ടകളും, വെടിമരുന്നും മൃഗവേട്ടക്കുള്ള മറ്റ് സാമഗ്രികളും റാന്നി ജെ എഫ് എം കോടതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഹാജരാക്കി. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ വനം വകുപ്പ് ബന്തവസിലെടുത്തു.

ചിറ്റാര്‍ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ടി.എസ്.അഭിലാഷ്, പെരുനാട് പോലീസിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ആയുധ നിയമപ്രകാരം എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു. പെരുനാട് എസ്.ഐ എ. അലോഷ്യസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓടിപ്പോയ സുരേഷ് ഒന്നാം പ്രതിയാണ്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

Similar News